ചെന്നൈ: ആടൈ സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ തെന്നിന്ത്യയില്‍ അമല പോളും ചിത്രത്തിലെ താരത്തിന്‍റെ ലുക്കുമായിരുന്നു ചര്‍ച്ച. ചിത്രം റിലീസ് ചെയ്തതോടെ അമല പോളിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ, വിവാഹമോചനത്തിനുശേഷം ജീവിതം എങ്ങനെ  മാറിമറിഞ്ഞുവെന്ന് മനസ്സുതുറക്കുകയാണ് അമല. 

ദാമ്പത്യം പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നുപോയിരുന്നു. ലോകത്ത് ഒറ്റക്കായി. എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ ആഗ്രഹിച്ചു. ഒരു ഹിമാലയന്‍ യാത്രയമാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അമല ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രമയാണ് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറ്റിയത്. വസ്ത്രങ്ങളും ക്രീമുകളും ചെരുപ്പും എല്ലാമായി പുറപ്പെട്ട താന്‍ നാല് ദിവസത്തെ ട്രക്കിംഗിന് ശേഷം എല്ലാം ഉപേക്ഷിച്ചു. 

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല, ടെന്‍റില്‍ കിടന്നുറങ്ങി, ദിവങ്ങളോളം നടന്ന് ശരീരമാകെ മരവിച്ചിരുന്നു. ആ യാത്ര ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കി. അതുവരെ അനുഭവിച്ച എല്ലാ മാനസിക ശാരീരിക പ്രശ്നങ്ങളും അവിടെ കളഞ്ഞിട്ടാണ് തിരിച്ചിറങ്ങിയത്. ഒറ്റയ്ക്കുള്ള യാത്രകള്‍ സ്വന്തം കരുത്ത് തിരിച്ചറിയാന്‍ സഹായിക്കും. എന്തുകൊണ്ടാണ് തന്‍റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചതെന്ന് ഇപ്പോള്‍ തനിക്കറിയാമെന്നും അമല പോള്‍ അഭിമുഖത്തില്‍ പറഞ്ഞു. 

ആ യാത്രയോടെ താന്‍ ആഡംബര ജീവിതം ഉപേക്ഷിച്ചു. മെഴ്സിഡസ് ബെന്‍സ് വിറ്റു. സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോകുന്നത് സൈക്കിളിലാണ്. മാസം 20000 രൂപയില്‍ കൂടുതല്‍ ചെലവാക്കാറില്ല. ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ് താമസമെന്നും അമല കൂട്ടിച്ചേര്‍ത്തു. ജീവിക്കാന്‍ ഹിമാലയമാണ് ആഗ്രഹിച്ചത്. എന്നാല്‍ അത് ബുദ്ധിമുട്ടായതുകൊണ്ട് പോണ്ടിച്ചേരി തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ബ്യൂട്ടിപ്പാര്‍ലറില്‍ പോകാറില്ല. ആയുര്‍വേദ ഡയറ്റാണ് തുടരുന്നത്. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ആഗ്രഹിക്കുന്നുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടെന്നും അമല പറഞ്ഞു. 

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ജൂണ്‍ 21-നായിരുന്നു അമല പോളും എ എല്‍ വിജയ്‍യും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ ജൂലൈ 11-ന് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ വിജയ് വിവാഹം ചെയ്തിരുന്നു. 

നേരത്തേ തന്‍റെ പ്രണയത്തെ കുറിച്ചും അമല തുറന്ന് പറഞ്ഞിരുന്നു. ''ഞാന്‍ ഒരു ബന്ധത്തിലാണ്. ഇക്കാര്യം ആര്‍ക്കും അറിയില്ല. ആടൈ സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം പങ്കുവെച്ചതും അദ്ദേഹത്തോടാണ്. എന്‍റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്. ആടൈയുടെ കഥ കേട്ടപ്പോള്‍ ആദ്യം അദ്ദേഹം എന്നോട് പറഞ്ഞത് ഈ കഥാപാത്രമാകാന്‍ നീ സ്വയം പര്യാപ്തയാകണം എന്നാണ്. 'ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനം അതിന് നല്‍കണം. ശാരീരികമായും മാനസികമായും അതിനുവേണ്ടി തയ്യാറെടുക്കണം. സിനിമ അഭിനയം തെരഞ്ഞെടുത്താല്‍  മുന്നോട്ട് പോകുക. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കരുത്', എന്നാണ്. സിനിമയെ ഞാന്‍ നോക്കി കാണുന്ന രീതിക്ക് കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടാണ്'' അമല പറഞ്ഞിരുന്നു.