രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. ഞായറാഴ്ച മുതൽ ചെന്നൈയിൽ ആരാധകർ നിരാഹാര സമരം തുടങ്ങും. 

ചെന്നൈ: രജനികാന്തിൻ്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. സൗഹൃദ സംഭാഷണം എന്നാണ് വിശേഷണം എങ്കിലും രാഷ്ട്രീയ ചർച്ചകൾക്കാണ് വീണ്ടും കളമൊരുങ്ങുന്നത്. അതേസമയം, രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. ഞായറാഴ്ച മുതൽ ചെന്നൈയിൽ ആരാധകർ നിരാഹാര സമരം തുടങ്ങും. രജനി മക്കൾ മന്‍ട്രം ഭാരവാഹികളും നിരാഹാരത്തിൽ പങ്കെടുക്കും. അടുത്താഴ്ച ചെന്നൈയിലെത്തുന്ന അമിത് ഷാ രജനികാന്തിനെ വീട്ടിലെത്തി കാണും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെന്നൈ വള്ളുവർ കോട്ടത്താണ് ഞായറാഴ്ച നിരാഹാര സമരത്തിന് തുടക്കമിടുന്നത്. തമിഴ്നാടിൻ്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. രജനി മക്കൾ മന്‍ട്രത്തിലെ ഒരു വിഭാഗം നേതാക്കളും ആരാധകരുമാണ് നിരാഹാര സമരത്തിന് പിന്നിൽ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്.

പൊയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിർത്തിയിലുള്ള ഫാം ഹൗസിലേക്ക് രജനി കുടുംബത്തോടൊപ്പം മാറി താമസിക്കുകയാണ്. ബൂത്ത് തലത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടിൽ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിൻമാറിയത്. ഗ്രാമീണ മേഖലയിൽ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകർ വോട്ട് ചോദിച്ച് തുടങ്ങിയിരുന്നു. മധുരയിൽ പാർട്ടി പ്രഖ്യാപനത്തിന് സ്റ്റേജ് വരെ തയാറാക്കിയിരുന്നു.