ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ അടുത്തിടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പതിവ് പരിശോധനയ്‍ക്കായിരുന്നു ആശുപത്രിയില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തങ്ങിയതിനാല്‍ അമിതാഭ് ബച്ചന്റെ ആരോഗ്യത്തെ കുറിച്ച് ആരാധകര്‍ ആശങ്കാകുലരായി. അമിതാഭ് ബച്ചൻ ആശുപത്രിയില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് ആശങ്ക തീര്‍ന്നത്. ഇപ്പോഴിതാ അമിതാഭ് ബച്ചൻ കോൻ ബനേഗ കോര്‍പതി 11ന്റെ ചിത്രീകരണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അമിതാഭ് ബച്ചന്റെ ആയുരാരോഗ്യത്തിന് നേരത്തെ പ്രാര്‍ഥനകളുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലുകള്‍ക്കും നന്ദി രേഖപ്പെടുത്തി അമിതാഭ് ബച്ചനും രംഗത്ത് എത്തിയിരുന്നു. അതേസമയം ഒരാളുടെ ആരോഗ്യവിവരങ്ങള്‍ അയാളുടെ സ്വാകാര്യതയായി കണ്ട് മാനിക്കണമെന്നും അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു

പ്രൊഫഷണല്‍ കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. അതിന്റെ നിയമാവലിയുടെ അതിര്‍ത്തികള്‍ കടക്കരുത്. ഒരാളുടെ ആരോഗ്യകാര്യങ്ങളും രോഗാവസ്ഥയും അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അത് വാണിജ്യവത്ക്കരിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ്. അത്തരം കാര്യങ്ങളെ ബഹുമാനിക്കുകയും ആവശ്യമായ ധാരണ പുലര്‍ത്തുകയും ചെയ്യണം. ലോകത്ത് ഉള്ള എല്ലാം വില്‍ക്കാനുള്ളതല്ല. എല്ലാവരോടും എന്റെ സ്‍നേഹം. എല്ലാവരോടും നന്ദി. എല്ലാ കരുതലുകളും സ്വീകരിക്കുന്നു. എനിക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കും പരിഗണനയ്‍ക്കും നന്ദി- അമിതാഭ് ബച്ചൻ പറയുന്നു.

മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു അമിതാഭ് ബച്ചനെ പ്രവേശിപ്പിച്ചിരുന്നത്.  

കുറച്ച് ദിവസം വിശ്രമം എടുക്കാൻ അമിതാഭ് ബച്ചനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.