ദില്ലി: പിതാവിന്‍റെ രചന എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത കവിത മറ്റൊരു വ്യക്തിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍. സ്ഥിരമായി പ്രശസ്ത ഹിന്ദി കവിയും അമിതാഭിന്‍റെ പിതാവുമായ ഹരിവൻഷ് റായ് ബച്ചന്‍റെ കവിതകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവച്ചത് 'അകലെപന്‍ കാ ബാല്‍ പെഹ്ചാന്‍' എന്ന കവിതയാണ്.

എന്നാല്‍ ഇത് ശരിക്കും ഹരിവൻഷ് റായ് ബച്ചന്‍റെ കവിതയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിഗ് ബി തിരുത്തും മാപ്പുമായി എത്തിയത്. തിരുത്ത്- കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവച്ച കവിത എന്‍റെ പിതാവ് ഹരിവംശ റായ് ബച്ചന്‍ എഴുതിയതല്ല. അത് പ്രസൂണ്‍ ജോഷി എഴുതിയതാണ്. അദ്ദേഹം തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഇതില്‍ മാപ്പ് ചോദിക്കുന്നു. അമിതാഭ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെയും ട്വിറ്ററില്‍ മാത്രമല്ല സിനിമകളിലും സ്വന്തം പിതാവിന്‍റെ കവിതകള്‍ ബച്ചന്‍ ഉപയോഗിച്ചിട്ടുണ്ട്. അഗ്നിപഥ്, ആലാപ്, സില്‍സില എന്നീ സിനിമകളില്‍ ഹരിവൻഷ് റായ് ബച്ചന്‍റെ കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ദേശീയ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷനായ പ്രസൂണ്‍ ജോഷി ഹിന്ദിയിലെ അറിയപ്പെടുന്ന ഗാന രചിതാവും കവിയുമാണ്. നിരവധിതവണ മികച്ച ഗാന രചിതാവിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.