സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരമാണ് അമിതാഭ് ബച്ചന്‍. ട്വിറ്ററും ഫേസ്ബുക്കും കൂടാതെ സ്വന്തം ബ്ലോഗ് വഴിയും ബിഗ് ബി ആരാധകരുമായി സംവദിക്കാറുണ്ട്. പോസ്റ്റുകളുടെ താഴെ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. പ്രകോപനപരമായ ഒരു ചോദ്യം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അദ്ദേഹത്തിനു നേര്‍ക്ക് എത്തി. നിങ്ങള്‍ക്കുള്ള അധികധനം ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും നല്‍കുന്നതിനെക്കുറിച്ച് എന്തുപറയുന്നു എന്നായിരുന്നു ഒരാളുടെ ചോദ്യം. ഉപദേശത്തേക്കാള്‍ നല്ലത് ഒരു കാര്യം ചെയ്തു കാണിച്ചുകൊടുക്കുന്നതാണെന്നും. രക്ഷാബന്ധന്‍ ദിനത്തില്‍ തനിക്കു ലഭിച്ച രാഖികളുടെ ചിത്രമുള്‍പ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ഈ ചോദ്യം.

എന്നാല്‍ തന്നെ പ്രകോപിപ്പിച്ച ചോദ്യത്തിന് വിശദമായ മറുപടി അദ്ദേഹം ഫേസ്ബുക്കില്‍ തന്നെ നല്‍കി. നിങ്ങള്‍ പറഞ്ഞതുപോലെ എന്‍റെ പഴ്സ് സ്നേഹാനുഗ്രങ്ങള്‍ നിറഞ്ഞതാണെന്നു പറഞ്ഞുകൊണ്ടാണ് ബച്ചന്‍റെ മറുപടിയുടെ തുടക്കം. തുടര്‍ന്ന് എവിടെയും ഇതുവരെ പറയാതിരുന്ന, പ്രത്യേകിച്ചും കൊവിഡ് കാലത്ത് വ്യക്തിപരമായി താന്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങളെക്കുറിച്ചും അമിതാഭ് ബച്ചന്‍ കുറിച്ചു. "ആന്ധ്രയിലെയും വിദര്‍ഭയിലെയും ബിഹാറിലെയും യുപിയിലെയും ആയിരക്കണക്കിനു കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ നിന്നും എനിക്ക് രക്ഷിക്കാനായിട്ടുണ്ട്. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി. ഒരു ലക്ഷം തൊഴിലാളി കുടുംബങ്ങള്‍ക്ക് ആറുമാസക്കാലം ഭക്ഷണവും റേഷനും നല്‍കാന്‍ കഴിഞ്ഞു. നഗരത്തിലെ പാവപ്പെട്ട അയ്യായിരം പേര്‍ക്ക് ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഇന്നുവരെ ഉച്ചഭക്ഷണവും അത്താഴവും നല്‍കാന്‍ കഴിഞ്ഞു."

 

"മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോയ 12,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പാദരക്ഷകള്‍, ബിഹാറിലേക്കും യുപിയിലേക്കും പോയവര്‍ക്കായി പത്ത് ബസ്സുകള്‍, രണ്ടായിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനായി ഒരു മുഴുവന്‍ ട്രെയിന്‍ തന്നെ ബുക്ക് ചെയ്തിരുന്നു. പക്ഷേ രാഷ്ട്രീയം അതു തടസ്സപ്പെടുത്തിയതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇന്‍ഡിഗോയുടെ ആറ് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യേണ്ടതായി വന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 15,000 പിപിഇ യൂണിറ്റുകളും ആശുപത്രികള്‍ക്കും പൊലീസ് സേനയ്ക്കുമായി പതിനായിരത്തിലേറെ മാസ്കുകളും നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ദില്ലിയിലെ സിഖ് സമൂഹത്തിന് ഒരു നല്ല തുക സംഭാവന നല്‍കാനും കഴിഞ്ഞു", ബച്ചന്‍ തുടരുന്നു. ഈ സഹായങ്ങളൊക്കെ വ്യക്തിപരമായി ചെയ്തതാണെന്നും അദ്ദേഹം കുറിച്ചു. കാര്യങ്ങളെക്കുറിച്ച് സംസാരിച്ചല്ല ചെയ്താണു ശീലമെന്നും എന്നാല്‍ ഇന്ന് താങ്കളുടെ പ്രകോപനം ആ പതിവ് തെറ്റിച്ചെന്നും അമിതാഭ് ബച്ചന്‍ കുറിച്ചു. പിന്നാലെ എഴുതിയ ബ്ലോഗില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇത്തരത്തില്‍ വിശദീകരിക്കേണ്ടിവന്നതിലുള്ള ഖേദവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നാലായിരത്തിമുന്നൂറിലേറെ ലൈക്കുകളാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തിന്‍റെ മറുപടിക്ക് ലഭിച്ചത്.