തിരുവനന്തപുരം: ഷെയ്ൻ നിഗം വിവാദത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിർമ്മാതാക്കൾ. ഷെയ്നുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്നും നിർമ്മാതാക്കള്‍ വ്യക്തമാക്കി. അതേസമയം തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന തീരുമാനത്തിലാണ് താരസംഘടനയായ അമ്മ. ഈ മാസം 22 ന് ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് ശേഷം തീരുമാനമെന്ന നിലപാടിലാണ് നിലവില്‍ താരസംഘടന.

അതേ സമയം നടൻ ഷെയ്ൻ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ  മാറ്റാമെന്നും ചേംബർ വിശദീകരിച്ചു. സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും ഫിലിം ചേബർ തീരുമാനിച്ചു. 

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയത്. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.