പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച് യുവനടി അനശ്വര രാജന്‍. പിറന്നാള്‍ ദിന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനൊപ്പം അനശ്വര ഇത്രകൂടി കുറിച്ചു. "18ന് ചിയേഴ്സ്, പതിനഞ്ചാം വയസ് മുതല്‍ ഞാന്‍ ചെയ്‍തുകൊണ്ടിരിക്കുന്ന എല്ലാം അവസാനം നിയമപരമായി".

'ഉദാഹരണം സുജാത'യില്‍ മഞ്ജു വാര്യര്‍ കഥാപാത്രത്തിന്‍റെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനശ്വരയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ്. അനശ്വരയുടെ ആദ്യ നായികാ കഥാപാത്രമായിരുന്നു ചിത്രത്തിലെ കീര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രത്തിനൊപ്പം അനശ്വരയും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടി.

കെ കെ രാജീവിന്‍റെ എവിടെ, സുഗീത് ചിത്രം മൈ സാന്‍റ, ജിബു ജേക്കബിന്‍റെ ആദ്യരാത്രി എന്നിവയും അനശ്വരയുടേതായി പുറത്തെത്തിയ സിനിമകളാണ്. കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് അടക്കം ഏതാനും ചിത്രങ്ങള്‍ പുറത്തുവരാനുമുണ്ട്. ത്രിഷയെ നായികയാക്കി എം ശരവണന്‍ സംവിധാനം ചെയ്യുന്ന രാംഗി എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് അനശ്വര. ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം സൂപ്പര്‍ ശരണ്യയിലും അനശ്വര അഭിനയിക്കുന്നുണ്ട്.