കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് 'അഞ്ചാം പാതിരാ' എന്നാണ്. മിഥുന്റെ കഴിഞ്ഞ ചിത്രം 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും' നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പമാണ് മിഥുന്‍ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ മേഖലകളില്‍ തന്റെ സ്ഥിരം കൂട്ടുകെട്ട് മാറ്റി പരീക്ഷിക്കുകയാണ് മിഥുന്‍ പുതിയ ചിത്രത്തിലൂടെ. ഷൈജു ഖാലിദ് ആണ് 'അഞ്ചാം പാതിരാ'യുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കും. 

'ഓം ശാന്തി ഓശാന' എന്ന ഹിറ്റ് ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തായി രംഗപ്രവേശം ചെയ്തയാളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ചിലത് ബോക്‌സ്ഓഫീസില്‍ വലിയ ഓളം സൃഷ്ടിച്ചപ്പോള്‍ മറ്റ് ചിലവ പരാജയങ്ങളുമായിരുന്നു.