പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച ഹിന്ദി ചിത്രം, ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത 'അന്ധാധുനി'ന് മലയാളം റീമേക്ക് വരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും ഒറിജിനലില്‍ ആയുഷ്‍മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രത്തെ റീമേക്കില്‍ പൃഥ്വിരാജ് ആവും അവതരിപ്പിക്കുകയെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

തബുവും രാധിക ആപ്തെയും പ്രധാന വേഷങ്ങളില്‍ അന്ധാധുനില്‍ എത്തിയിരുന്നു. റീമേക്ക് വരുമ്പോള്‍ ഈ റോളുകളിലേക്ക് മംമ്ത മോഹന്‍ദാസും അഹാന കൃഷ്ണയുമാവും വരുകയെന്നും പഴയകാല നടന്‍ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരിച്ച പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്‍റെ സഹോദരനായ രവി കെ ചന്ദ്രന്‍ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. തമിഴില്‍ 'യാന്‍' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുകയുമുണ്ടായി. ഗജിനി, പഹേലി, ബ്ലാക്ക് (ഹിന്ദി), ബോയ്‍സ്, കോയി മില്‍ ഗയാ, കന്നത്തില്‍ മുത്തമിട്ടാല്‍, ദില്‍ ചാഹ്താ ഹെ തുടങ്ങി അദ്ദേഹം ഛായാഗ്രാഹകനായ നിരവധി പ്രധാന ചിത്രങ്ങളുണ്ട്.

 

അതേസമയം നവാഗതനായ തനു ബാലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കോള്‍ഡ് കേസി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.