Asianet News MalayalamAsianet News Malayalam

അനിലിനെ ജലാശയത്തിൽ നിന്നും പുറത്തെടുത്തത് ജീവനോടെ, ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു

വെള്ളത്തിൽ മുങ്ങി എട്ട് മിനിറ്റുള്ളിൽ തന്നെ മുങ്ങിപ്പോയ അനിലിനെ പുറത്തേക്ക് എത്തിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

anil rescued from malankara dam alive but died before reaching hospital
Author
Malankara Dam, First Published Dec 25, 2020, 9:28 PM IST

തൊടുപുഴ: മലങ്കാര ജലാശയത്തിലെ കയത്തിൽ മുങ്ങിപ്പോയ നടൻ അനിൽ പി നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് സംഭവസമയം ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് നടന് മരണം സംഭവിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുണ്‍ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ക്രിസ്മസ് ദിനത്തിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ ആഴമേറിയ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ആംബുലൻസിലേക്ക് കയറ്റുമ്പോൾ അനിലിന് ജീവനുണ്ടായിരുന്നു. 

ഡാം സൈറ്റിൽ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മരണപ്പെട്ട നിലയിലാണ് അനിലിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളത്തിൽ മുങ്ങി എട്ട് മിനിറ്റുള്ളിൽ തന്നെ അനിലിനെ പുറത്തേക്ക് എത്തിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

ജോജു ജോര്‍ജ് നായകനായ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് ഇവിടേക്ക് പാലായിൽ നിന്നും അരുണും മറ്റൊരു സുഹൃത്തും കൂടി എത്തുകയായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിലെത്തി ഇവര്‍ കുളിക്കാനിറങ്ങി. നീന്തൽ അറിയാവുന്ന ആളായിരുന്നു അനിലെന്ന് അരുണ്‍ പറയുന്നു. എന്നാൽ ജലാശയത്തിൽ പലയിടത്തും ആഴമേറിയ കയങ്ങളുണ്ട്. ഇതിലൊന്നിലേക്ക് അനിൽ മുങ്ങി താഴ്ന്നിരിക്കാം എന്നാണ് കരുതുന്നത്. 
 

Follow Us:
Download App:
  • android
  • ios