പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‍തവ വിരുദ്ധമാണെന്ന് ഗായിക അഞ്ജു ജോസഫ്. സാമൂഹ്യമാധ്യമത്തിലൂടെയാണ് അഞ്ജു ജോസഫ് പ്രതികരണവുമായി എത്തിയത്.

ജീവിതത്തില്‍ നേരിട്ട ഒരു ഗോസിപ്പിനെ കുറിച്ച് പറയാൻ പറഞ്ഞപ്പോള്‍ പറഞ്ഞ കാര്യമായിരുന്നു അത്. ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയപ്പോള്‍ എന്നോട് ചോദിച്ചു, കേട്ടിട്ടുള്ള രസകരമായ ഗോസിപ്പ് എന്താണെന്ന്. ഞാൻ പറഞ്ഞു, ഞാൻ മുസ്ലിമിനെ കല്യാണം കഴിച്ചു, മതം മാറി എന്നൊക്കെ കേട്ടിട്ടുണ്ട് എന്ന്.  ഇത് രണ്ടും ഗോസിപ്പാണെന്ന് ഞാൻ ആ അഭിമുഖത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെ പറഞ്ഞ കാര്യങ്ങള്‍ എടുത്തുവച്ചിട്ടുണ്ട് ചില ഓണ്‍ലൈൻ ന്യൂസ് ചാനലുകള്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ തലക്കെട്ട് കൊടുത്ത് വാര്‍ത്ത ചെയ്യുകയാണ്- അഞ്ജു ജോസഫ് പറയുന്നു.

ഞാനും ഭര്‍ത്താവും അഞ്ചു വര്‍ഷം പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ച് വര്‍ഷമായി. വിവാഹത്തിന് വീട്ടില്‍ നിന്ന് ആദ്യം എതിര്‍പ്പുണ്ടായെങ്കിലും പിന്നിട് നടത്തിത്തന്നു. ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസറാണ് അനൂപ്. തൃശൂര്‍ ആണ് നാട്. സ്റ്റാര്‍ സിങ്ങറില്‍ വച്ചാണ് പരിചയപ്പെട്ടത്- അഞ്ജു ജോസഫ് പറയുന്നു.