'രക്ഷാധികാരി ബൈജു' എന്ന വിജയചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് പുതിയ സിനിമയുമായി വരുന്നു. നടി അന്ന ബെന്‍ ആണ് താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം, രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്നതാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏറെ സന്തോഷമുള്ള വാര്‍ത്ത പങ്കുവെക്കുന്നു എന്ന കുറിപ്പോടെ രഞ്ജന്‍ പ്രമോദിനൊപ്പമുള്ള ചിത്രമാണ് അന്ന ബെന്‍ പങ്കുവച്ചത്.

എന്നാല്‍ ഈ പ്രോജക്ടിന്റെ മറ്റ് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാം ചിത്രമായിരിക്കും ഇത്. ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍, രക്ഷാധികാരി ബൈജു ഒപ്പ് എന്നിവയാണ് അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍.

'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ബേബി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അന്ന ബെന്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച്, മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന 'ഹെലെന്‍' ആണ് അന്നയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് അന്ന ബെന്‍ എത്തുന്നത്.