മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുമായി സംവിധായകൻ അനൂപ് മേനോൻ.
നടൻ അനൂപ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. തിരക്കഥയും അനൂപ് മേനോനാണ് എഴുതുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് ഒരു അഭിമുഖത്തില്‍ അനൂപ് മേനോൻ വ്യക്തമാക്കിയിരിക്കുകയാണ്. കൊല്‍ക്കത്ത ദുര്‍ഗാ പൂജാ ആഘോഷത്തിനിടെ ഒരു നിര്‍ണായക രംഗം ഷൂട്ട് ചെയ്യാനുണ്ട്. അത് അടുത്ത വര്‍ഷമേ നടക്കൂ. 20 ദിവസത്തോളം ദുര്‍ഗാ പൂജയ്‍ക്കിടെ ഷൂട്ട് ചെയ്യാനുണ്ട്. ആക്ഷൻ ഫൈറ്റ് സീക്വൻസാണ് അത്. ബിഗ് ബജറ്റ് ചിത്രമാണ് ഇത്. പാട്ടുകളും ആക്ഷനും ഒക്കെ ചേര്‍ന്നത്. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഒരുക്കുക എന്നും അനൂപ് മേനോൻ വ്യക്തമാക്കി.
നേരത്തെ മോഹൻലാലാണ് ചിത്രം പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹൻലാൽ കുറിച്ചിരുന്നു. മികച്ച പിന്നണി പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഹേഷാം അബ്‍ദുള്‍ വഹാബായിരിക്കും സംഗീത സംവിധായകൻ. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ അനൂപ് മേനോനാണ് എഴുതിയിരുന്നത്. അന്ന് വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു. അതിനാല്‍ അനൂപ് മേനോനുമായി വീണ്ടും മോഹൻലാല്‍ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ ആകാംക്ഷയിലാണ്.
മോഹൻലാലിന്റ്തേയായി ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം തുടരും ആണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയോളം ചിത്രം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലും ഇടംനേടിയിരുന്നു. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചത്. മോഹൻലാലിന്റേതായി ഛോട്ടാ മുംബൈ റീ റീലിസും ചെയ്‍തിരുന്നു. കേരള ബോക്സ് ഓഫീസില്‍ 3.80 കോടിയോളം നേടിയിരുന്നു. അൻവര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം. വലിയ ഉത്സവപ്രതീതിയിലാണ് വീണ്ടുമെത്തിയപ്പോള്‍ മോഹൻലാല്‍ ചിത്രത്തെ ആരാധകര്‍ വരവേറ്റത്.
