ശ്വേതയുടെ ഹർജിയിൽ കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു

താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് എതിരായുള്ള ശ്വേത മേനോന്‍റെ കേസില്‍ കക്ഷി ചേരാന്‍ നടി അന്‍സിബ ഹസന്‍. എറണാകുളം മുൻസിഫ് കോടതിയിൽ അൻസിബ ഇത് സംബന്ധിച്ച് അപേക്ഷ നൽകി. ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി അധ്യക്ഷനായ അമ്മ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി തത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസ് ഈ മാസം 13 ന് കോടതി വീണ്ടും പരിഗണിക്കും. അമ്മയുടെ പ്രവർത്തങ്ങൾ അഡ്ഹോക്ക് കമ്മിറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വച്ചിരുന്നു. അമ്മ സംഘടനയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം. “ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താല്‍പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്. കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്”?, എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു.

ശ്വേത മേനോന്‍ അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ ബി ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന്‍ മറുപടിയുമായി എത്തിയിരുന്നു. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. “ലാലേട്ടന്‍റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”, ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കോടതിയെയും സമീപിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming