Asianet News MalayalamAsianet News Malayalam

'പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക'; നൗഷാദിന് ആദരാഞ്ജലിയുമായി ആന്‍റോ ജോസഫ്

മുന്‍നിര താരങ്ങളും സംവിധായകരുമുള്ള വലിയ പ്രോജക്റ്റുകളാണ് നൗഷാദ് ഒരുക്കിയത്

anto joseph condolences for producer naushad big chef
Author
Thiruvananthapuram, First Published Aug 27, 2021, 10:56 AM IST

ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായിരുന്ന പ്രിയസുഹൃത്ത് നൗഷാദിന് ആദരാഞ്ജലികളുമായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്‍റെ ഭാര്യയുടെ മരണം. ഇക്കാര്യം ഓര്‍മ്മിച്ചുകൊണ്ടാണ് ആന്‍റോ ജോസഫിന്‍റെ കുറിപ്പ്.

"അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും...", ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. നിര്‍മ്മാതാവ് എന്നതിനൊപ്പം പാചക വിദഗ്‍ധനും കാറ്ററിംഗ് സര്‍വ്വീസ് ഉടമയുമായിരുന്നു നൗഷാദ്. ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന നൗഷാദ് 'ബിഗ് ഷെഫ്' നൗഷാദ് എന്നാണ് അറിയപ്പെട്ടിരുന്നത്. 'നൗഷാദ് ദി ബിഗ് ഷെഫ്' എന്ന പേരിലായിരുന്നു സ്വന്തം കാറ്ററിംഗ്, റെസ്റ്റോറന്‍റ് ശൃംഖലയും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ 'കാഴ്ച' നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയതിനൊപ്പം അഞ്ച് സംസ്ഥാന പുരസ്‍കാരങ്ങളുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടി. 

മുന്‍നിര താരങ്ങളും സംവിധായകരുമുള്ള വലിയ പ്രോജക്റ്റുകളാണ് നൗഷാദ് പിന്നീടും ഒരുക്കിയത്. രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. ഷാഫിയുടെ ചട്ടമ്പിനാടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്റ്ററും. ദിലീപിനൊപ്പവും രണ്ട് ചിത്രങ്ങള്‍- ജോഷിയുടെ 'ലയണും' ലാല്‍ജോസിന്‍റെ 'സ്‍പാനിഷ് മസാല'യും. ജയസൂര്യ നായകനായ പയ്യന്‍സ് ആണ് അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു ചിത്രം. ഇവയില്‍ ഭൂരിഭാഗം ചിത്രങ്ങളും വിജയങ്ങളായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios