സുശാന്ത് സിംഗ് രാജ്‍പുത് അവസാനമായി അഭിനയിച്ച ചിത്രം 'ദില്‍ ബേചാര' കാണാനായി അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷമാണ് ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി + ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന വിവരം പ്രഖ്യാപിക്കപ്പെട്ടത്. ഇന്ന് വൈകിട്ട് 7.30ന് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസിന് കാത്തിരുന്നവരില്‍ മലയാളി താരം ആന്‍റണി വര്‍ഗീസുമുണ്ട്. ഒരുപാട് സിനിമകളുടെ ആദ്യ ഷോ സന്തോഷത്തോടെയാണ് കണ്ടതെന്നും എന്നാല്‍ ഈ പ്രദര്‍ശനം അങ്ങനെയല്ലെന്നും പ്രേക്ഷകരുടെ 'പെപ്പെ' പറയുന്നു. സുശാന്തിനോട് തനിക്കുണ്ടായിരുന്ന ആരാധനയെക്കുറിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെ ആന്‍റണി പറയുന്നു.

ദില്‍ ബേചാര ആദ്യ ഷോയെക്കുറിച്ച് ആന്‍റണി വര്‍ഗീസ്

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ്, പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ Dil Bechara യാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്‍റെ FDFS കാണാന്‍ താല്‍പര്യം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകുമെന്ന് അറിഞ്ഞില്ല. 

കൈപോച്ചേ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അതു പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടിക്കൂടി വന്നു. അവസാനം 'ചിച്ചോരേ' നമ്മള്‍ എപ്പോഴെങ്കിലും ഒന്നു ഡൗണ്‍ ആയാല്‍ ഇരുന്നു കാണും, ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചത്. അത്രയ്ക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെയല്ലാതെ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷേ ഇങ്ങനെ ആകുമെന്നു പ്രതീക്ഷിച്ചില്ല... സിനിമ ഉള്ളിടത്തോളം കാലം താങ്കളെ ഓര്‍ക്കും. miss you #Sushant_Singh_Rajput