മുംബൈ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നരേന്ദ്ര മോദി സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും ഒപ്പം അദ്ദേഹത്തിന്‍റെ അച്ഛന്‍ അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണം. അതിന് ശേഷം മാത്രമേ പൗരന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാന്‍ അവകാശമുണ്ടാകൂവെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

മോദി സാക്ഷരനാണോ എന്ന് ആദ്യം തെളിയിക്കണം. എന്‍റെയര്‍ പൊളിറ്റിക്കല്‍ സയന്‍സിനെ അദ്ദേഹത്തിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നിട്ട് നമുക്ക് സംസാരിക്കാമെന്നും അനുരാഗ് കശ്യപ് തുറന്നടിച്ചു.#f**kCAA എന്ന ഹാഷ് ടാഗിലായിരുന്നു അനുരാഗ് കശ്യപിന്‍റെ ട്വീറ്റുകള്‍. കേന്ദ്രസര്‍ക്കാറിനെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമര്‍ശിച്ചു.

ഒരു ചോദ്യം പോലും നേരിടാനാകാത്ത സര്‍ക്കാറാണിത്. പ്രത്യേകിച്ച് വീക്ഷണമോ പദ്ധതികളോ ഒന്നും സര്‍ക്കാറിനില്ല. അപമാനിക്കാന്‍ മാത്രമാണ് അവര്‍ക്കറിയുക. നോട്ടുനിരോധനത്തിന് തുല്ല്യമാണ് സിഎഎയെന്നും അനുരാഗ് കശ്യപ് വിമര്‍ശിച്ചു. സിഎഎക്കെതിരെ സമരമുഖത്തുള്ള പ്രധാന വ്യക്തിയാണ് അനുരാഗ് കശ്യപ്.