ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത്. ഈ കാലയളവില്‍ മലയാള സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആയെന്നും പ്രേക്ഷകരുടെ അഭിരുചിയില്‍ കാര്യമായ വ്യത്യാസം വന്നെന്നും അന്‍വര്‍ റഷീദ്. അതേസമയം ട്രാന്‍സ് ഒരു റിയലിസ്റ്റിക് ചിത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദിന്റെ അഭിപ്രായപ്രകടനം.

അണിയറക്കാര്‍ പുറത്തുവിട്ട പബ്ലിസിറ്റി മെറ്റീരിയലുകള്‍ ഒഴികെ 'ട്രാന്‍സ്' എന്താണെന്നതിനെ സംബന്ധിച്ച് ഏറെയൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തെക്കുറിച്ച് അന്‍വര്‍ ഇങ്ങനെ പറയുന്നു- 'ഒരു സവിശേഷ മാനസികാവസ്ഥയെയാണ് ട്രാന്‍സ് എന്ന് പൊതുവെ പറയുന്നത്. സാധാരണയായി അതിനെ സംഗീതവുമായാണ് ബന്ധിപ്പിക്കാറ്. പക്ഷേ ഈ സിനിമയില്‍ അതിനെ മറ്റൊരു സാഹചര്യവുമായും കഥാപാത്രവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബിജു പ്രസാദ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ട്രാന്‍സ് എന്ന സിനിമ. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മോട്ടിവേഷണല്‍ ട്രെയ്‌നറാണ് ഈ കഥാപാത്രം. ഫഹദാണ് ബിജു പ്രദാസിനെ അവതരിപ്പിക്കുന്നത്. വിവിധ ജീവിതഘട്ടങ്ങളിലെ അയാളുടെ മാനസികമായും വൈകാരികവുമായുള്ള വളര്‍ച്ചയെ പിന്തുടരുകയാണ് ചിത്രം', അന്‍വര്‍ റഷീദ് പറയുന്നു.

 

വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം ജാക്‌സണ്‍ വിജയന്‍. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് സുശിന്‍ ശ്യാം കൂടി ചേര്‍ന്നാണ്. ടൈറ്റില്‍ ട്രാക്ക് ഒരുക്കിയിരിക്കുന്നത് വിനായകനാണ്. സ്റ്റണ്ട്‌സ് സുപ്രീം സുന്ദര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സലാം ബുഖാരി. സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പബ്ലിസിറ്റി ഡിസൈന്‍സ് റയീസ് ഹൈദര്‍ (തോട്ട് സ്‌റ്റേഷന്‍). വിതരണം എ ആന്‍ഡ് എ റിലീസ്. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14ന് തീയേറ്ററുകളില്‍.