സിനിമ പ്രേക്ഷകരെയും താരങ്ങളെയുമൊക്കെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സുശാന്ത് സിംഗിന്റെ മരണം. എന്നാല്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ പ്രതികരിക്കുന്ന പല താരങ്ങളും ഒരു മെസെജ് അയച്ചാല്‍ പോലും തിരിച്ചു മറുപടിപോലും അയക്കാത്തവരാണ് എന്ന് നടനും സംവിധായകനുമായ അജി ജോണ്‍ പറയുന്നു. ഒറ്റപ്പെടുത്തലില്‍ നിന്ന് വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങള്‍ക്ക് പൈസ അല്ല വേണ്ടത്. ആശ്വസിപ്പിക്കലാണ് വേണ്ടത്. ഏറ്റവും അടുത്തുനിന്നിരുന്നവരെ നില്‍ക്കുന്നവരെ നോക്കി ഒരു ചിരിയായാലും മതിയെന്ന് അജി ജോണ്‍ പറയുന്നു.

അജി ജോണിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

സഹപ്രവർത്തകരിൽ ഒരാൾ ഒരു മെസ്സേജ് അയച്ചാൽ തിരിച്ചു ഒരു മറുപടി അയക്കാത്ത, ഫോൺ വിളിച്ചാൽ കണ്ടില്ലെന്നു നടിച്ചു ഒഴിവാക്കുന്ന സകലമാന നക്ഷത്രങ്ങളും രാജാക്കന്മാരും രാജകുമാരിമാരും 'സുശാന്തിന്റെ' വിയോഗത്തിൽ മനംനൊന്തു പ്രതികരിക്കുന്നു. പ്രസംഗിക്കുന്നു. ഒറ്റപ്പെടുത്തലിൽ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങൾക്ക് നിങ്ങൾ ഒരു രൂപ പോലും നൽകേണ്ട. കൈത്താങ്ങും നൽകേണ്ട.

ഏറ്റവും അടുത്ത് നിന്നിരുന്നവരെ, നിൽക്കുന്നവരെ നോക്കി ഒരു ചിരി, ഒന്ന് ചേർത്ത് പിടിക്കൽ, വെറുതെ കള്ളം പറഞ്ഞെങ്കിലും ഒന്ന് ആശ്വസിപ്പിക്കൽ ഇതൊക്ക മതി.

അല്ലാതെ മറ്റേ പ്രസംഗം നടത്തി അവരെ ഞങ്ങളെ നിങ്ങളെ എന്നെ നിന്നെ എന്തിനാ വീണ്ടും വീണ്ടും കൊല്ലുന്നത്?

നിങ്ങൾക്കൊപ്പം നടക്കാൻ തുടങ്ങിയിട്ടും പിന്നിലേക്കായിപ്പോയ അവർക്കൊരു 'ഹായ്' ഫോൺ എടുത്തു അയയ്ക്കെന്നെ. അദ്ഭുതം സംഭവിക്കാൻ ഒരു നിമിഷം മതി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.