സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്.

കേരളത്തിൽ കഴിഞ്ഞ മാസങ്ങളിൽ സ്ത്രീധന മരണങ്ങള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്തത്തിന്റെ സാഹചര്യത്തിൽ ബോധവൽക്കരണ വീഡിയോയുമായി ഫെഫ്ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്ക നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സ്ത്രീധനം ചോദിക്കുന്നതിനെതിരേ മറ്റൊരു ചിത്രവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫെഫ്ക. 

സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്ര പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഹ്രസ്വ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

നിഖില വിമലാണ് പ്രധാനവേഷത്തില്‍ ചിത്രത്തിൽ എത്തുന്നത്. സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുത്തുന്നതും കുറ്റകരമാണെന്ന് പറയുന്നത്. 

‘സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും. ഓരോ പെണ്‍കുട്ടിക്കും അവരുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും ശിക്ഷാര്‍ഹമാണ്. അനീതി നേരിടുന്ന ഓരോ പെണ്‍കുട്ടിയും ഓര്‍ക്കുക. നിങ്ങള്‍ ഒറ്റക്കല്ല ഒരു സമൂഹം കൂടെയുണ്ട്.’, എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona