തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. 'എനിമി' എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു. 

ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രം​ഗത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.

ആനന്ദ് ശങ്കര്‍ ആണ് എനിമി സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇതിനകം ഹൈദരാബാദിൽ പൂർത്തിയാക്കി. മൃണാളിനി രവി നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.