2013 ൽ ഇന്ദ്രജിത്ത് സുകുമാരൻ, നിവിൻ പോളി, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത 'അരികിൽ ഒരാൾ' എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ആഷിഖ് ഉസ്മാൻ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്
ഒരു നല്ല പ്രൊഡ്യൂസറെ കിട്ടുക എന്നത് ഏതൊരു സിനിമയെ സംബന്ധിച്ചും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. സംവിധായകരെ നോക്കി സിനിമയ്ക്ക് കയറുക എന്നത് പോലെ തന്നെ പ്രൊഡ്യൂസർ ആരാണെന്ന് വരെ ഇന്ന് പ്രേക്ഷകർ നോക്കാറുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ മികച്ച സിനിമകൾ നൽകുന്ന നിരവധി പ്രൊഡക്ഷൻ ഹൗസുകളും ഇന്നുണ്ട്. അത്തരത്തിൽ മിനിമം ഗ്യാരന്റി പ്രേക്ഷകന് നൽകുന്ന പ്രൊഡക്ഷൻ ഹൗസാണ് ആഷിഖ് ഉസ്മാൻ നേതൃത്വം നൽകുന്ന ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്.
2013 ൽ ഇന്ദ്രജിത്ത് സുകുമാരൻ, നിവിൻ പോളി, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത 'അരികിൽ ഒരാൾ' എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ആഷിഖ് ഉസ്മാൻ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയില്ലെങ്കിലും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ലഭിച്ച ചിത്രമായിരുന്നു സൈക്കോളജിക്കൽ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ അരികിൽ ഒരാൾ. തൊട്ടടുത്ത വർഷം, ജയസൂര്യയെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത 'ഹാപ്പി ജേർണി' നിർമ്മിച്ചെങ്കിലും വലിയ ബോക്സ്ഓഫീസ് ചലനങ്ങൾ സൃഷ്ടിക്കാൻ ചിത്രത്തിനായില്ല. എന്നാൽ 2014 ൽ പുറത്തിറങ്ങിയ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം വലിയ പ്രശംസകൾ കിട്ടിയ ചിത്രമായിരുന്നു. ദിലീപ്, അനുമോൾ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ഭരതനായിരുന്നു. മൂന്ന് കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 7 കോടിയോളം രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ആഷിഖ് ഉസ്മാനോടൊപ്പം സമീർ താഹിർ ഷൈജു ഖാലിദ് എന്നിവരും നിർമ്മാണ പങ്കാളികളായ ചിത്രമായിരുന്നു ചന്ദ്രേട്ടൻ എവിടെയാ.

2016 ൽ ഈ കൂട്ടുകെട്ട് വീണ്ടും ആവർത്തിച്ചു, സമീർ താഹിർ മൂന്നാമതായി സംവിധാനം ചെയ്ത 'കലി' എന്ന ചിത്രം ആഖ്യാനപരമായി മികച്ച പ്രശംസകൾ ലഭിച്ച ചിത്രമായിരുന്നു. ദുൽഖർ സൽമാൻ, സായി പല്ലവി, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കലി ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്ന ചിത്രം കൂടിയാണ്. തൊട്ടടുത്ത വർഷം രണ്ട് ചിത്രങ്ങളാണ് ആഷിഖ് ഉസ്മാൻ നിർമ്മിച്ചത്. ബോബൻ സാമുവൽ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അമല പോൾ തടുങ്ങിയവർ പ്രധാന വേഷത്തിലെത്തിയ 'ഷാജഹാനും പരീക്കുട്ടിയും' എന്ന ചിത്രവും, കുഞ്ചാക്കോ ബോബൻ നായകനായെത്തി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‌ത'വർണ്യത്തിൽ ആശങ്ക' എന്ന ചിത്രവും. വർണ്യത്തിൽ ആശങ്ക ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു. 2019 ൽ 'അള്ള് രാമേന്ദ്രൻ', 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' എന്നീ ചിത്രങ്ങൾ. ബോക്സ് ഓഫീസിലും പ്രേക്ഷക പ്രീതി നേടുന്നതിലും ഇരു ചിത്രങ്ങളുംപരാജയപ്പെട്ടിരുന്നു.
ലോകത്തെ തന്നെ മാറ്റിമറിച്ച കോവിഡ് ലോക്ക്ഡൗണിന് ശേഷം മലയാള സിനിമയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച വർഷമായിരുന്നു 2020 എന്നത്. അതുകൊണ്ട് തന്നെ പ്രമേയപരമായും ആഖ്യാനപരമായും നിരവധി പരീക്ഷണങ്ങൾക്ക് മുതിരാനും സംവിധായകരും നിർമ്മാതാക്കളും തയ്യാറായി. ഫീൽ ഗുഡ്- കോമഡി ഴോണറുകൾ മാറ്റിപിടിക്കാൻ മിഥുൻ മാനുവൽ തോമസ് തയ്യാറായപ്പോൾ മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായ 'അഞ്ചാം പാതിര' എന്ന സിനിമയ്ക്ക് വഴിതുറന്നു. മലയാളത്തിൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിരയിലൂടെയായിരുന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം ചിത്രം സാമ്പത്തികമായും വലിയ വിജയമാണ് കരസ്ഥമാക്കിയത്. 50 കോടിയോളം രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ലോക്ക്ഡൗൺ എല്ലാവരെയും വീട്ടിലിരുത്തിയ സമയത്ത് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രമായിരുന്നു 'ലവ്'. സൈക്കോളജിക്കൽ ത്രില്ലർ ആയി ഇറങ്ങിയ ചിത്രം 2021 ലാണ് ഇന്ത്യയിൽ റിലീസ് ചെയ്യപ്പെട്ടത. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ചെയ്ത ചിത്രം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. വ്യക്തി ബന്ധങ്ങളിലെ സംഘർഷങ്ങളും മറ്റും പ്രമേയമാക്കിയ ചിത്രം ഒരു ഫ്ലാറ്റിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചർച്ച ചെയ്യുന്നത്. 2020 നു ശേഷം തുടരെ തുടരെ മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകിയ പ്രൊഡക്ഷൻ ഹൗസ് കൂടിയായി മാറി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്.
രണ്ട് വർഷങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത 'ഡിയർ ഫ്രണ്ട്' എന്ന ചിത്രമായിരുന്നു ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിച്ചത്. ഫീൽ ഗുഡ് സിനിമയായ ഡിയർ ഫ്രണ്ട് വലിയ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. ടൊവിനോ, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് തുടങ്ങീ മികച്ച താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായി സമീർ താഹിറും ഷൈജു ഖാലിദുമുണ്ടായിരുന്നു. ടൊവിനോ- ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'തല്ലുമാല' എന്ന ചിത്രമായിരിക്കും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രം. മുഹ്‌സിൻ പരാരി തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. റിലീസ് ചെയ്ത് ഇത്രയും വർഷങ്ങൾക്ക് ശേഷവും തല്ലുമാല മലയാളത്തിൽ ഉണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമല്ല. റിലീസ് ചെയ്ത് ആദ്യ ദിനത്തിൽ തന്നെ 7.4 കോടി രൂപ കളക്ഷൻ സ്വന്തമാക്കിയ ചിത്രം 50 കോടിയോളം രൂപ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ തുണ്ട്, അയൽവാശി, അഡിയോസ് അമിഗോ, ബ്രോമാൻസ് തുടങ്ങീ ചിത്രങ്ങളും മോശമല്ലാത്ത പ്രകടനം ബോക്സ്ഓഫീസിൽ നടത്തിയിട്ടുണ്ട്.

അൽത്താഫ് സലിം- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര'യാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രം. സ്വപ്നവും യാഥാർത്ഥ്യവും ഏതാണെന്ന് തേടിയലയുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ ചർച്ച ചെയ്യുന്ന ഓടും കുതിര തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മോഹൻലാലിന്റെ 365 മത് ചിത്രമായി പ്രഖ്യാപിച്ച സിനിമയ്ക്ക് വേണ്ടിയാണ്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം തല്ലുമാല ഫെയിം ഓസ്റ്റിൻ ഡാൻ തോമസാണ് സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ പോലീസ് കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. കൂടാതെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത്, നസ്ലെൻ നായകനായെത്തുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രവും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം തരുൺ മൂർത്തി ചിത്രം 'ടോർപ്പിഡോ' യും നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസാണ്. നസ്ലെൻ, അർജുൻ ദാസ്, ഗണപതി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ബിനു പപ്പു തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. വരും ചിത്രങ്ങൾ എല്ലാം തന്നെ പ്രതീക്ഷ നല്കുന്നവയായത് കൊണ്ട് തന്നെ ഏറ്റവും മികച്ച സിനിമാനുഭവം തന്നെ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്ന് ഉറപ്പാണ്.


