ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ' . നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലറാണ്. ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. 

രഞ്ജിത്ത് എന്ന വ്യക്തിയ്ക്ക് അവിചാരിതമായുണ്ടാകുന്ന മാനസികസംഘർഷങ്ങളും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന ചിത്രത്തിൽ സുനോജ് വേലായുധനാണ് കാമറ ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ദിലീപ് ഡെന്നീസാണ് എഡിറ്റിം​ഗ്. സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവർക്കൊപ്പം അസ്സോസിയേറ്റ് ഡയറക്റ്ററായും നിഷാന്ത് സാറ്റു പ്രവർത്തിച്ചിട്ടുണ്ട്. വേണു സംവിധായകനാകുന്ന 'റാച്ചിയമ്മ', രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും', ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും', തുടങ്ങിയ ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി പുറത്തിറങ്ങാനുള്ളത്.