വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം വൈകും.

അറ്റ്‍ലി ജവാൻ എന്ന ഹിറ്റിലൂടെ ബോളിവുഡിലും പേരെടുത്തിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ നേടി റെക്കോര്‍ഡിട്ടിരുന്നു. അറ്റ്‍ലി വീണ്ടും ഒരു ചിത്രം ബോളിവുഡില്‍ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഡി 18 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം വൈകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

വരുണ്‍ ധവാനെയായിരുന്നു നായകനായി തീരുമാനിച്ചത്. വരുണ്‍ ധവാൻ പൊലീസ് വേഷത്തിലായിരിക്കും ചിത്രത്തില്‍ എത്തുക. 2024 മെയ് 20ന് വരുണിന്റെ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ റിലീസ് 204 അവസാനത്തേയ്‍ക്കാക്കുമെന്നും ചിത്രത്തിന്റെ ചിത്രീകരണം വൈകും എന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

വരുണ്‍ ധവാന്റേതായി ബവാലെന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്‍തത്. റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലായിരുന്നു. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തില്‍ നായികയായെത്തിത് ജാൻവി കപൂറാണ്.

ബോളിവുഡിനെയാകെ അമ്പരപ്പിക്കുന്നതായിരുന്നു ഷാരൂഖ് അറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ജവാന്റെ വിജയം. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ കഥാപാത്രങ്ങളായി.

Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക