മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ എന്നതാണ് പേട്രിയറ്റിന്റെ പ്രധാന ഹൈലൈറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ എന്നതാണ് പേട്രിയറ്റിന്റെ പ്രധാന ഹൈലൈറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. തതവസരത്തിൽ പേട്രിയറ്റിന് ആശംസകൾ അറിയിച്ച് കൊണ്ട് ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിവെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ ആന്റോ ജോസഫിനെ കുറിച്ചും പറയുന്നുണ്ട്. മുൻവിധിയില്ലാതെ സിനിമ കാണണമെന്നും പ്രേക്ഷകരോടായി അദ്ദേഹം പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

നാളെ 'പാട്രിയറ്റ്' തീയറ്ററുകളിലെത്തുകയാണ്. ശ്രീ.മമ്മൂട്ടിയും ശ്രീ.മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനുമടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആൻ്റൊ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റൊ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ.മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റൊ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എമ്പുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.

നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ച്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്രമാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming