മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി വിലസിയിരുന്ന നടൻ ബാബു ആന്റണി വലിയ തിരിച്ചുവരവ് നടത്തുകയാണ്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ ഫാൻ മെയ്‍ഡ് പോസ്റ്റര്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് കാലത്തിന് ശേഷമാണ് ബാബു ആന്റണി മലയാളത്തില്‍ നായകനാകുന്നത്. ഒമര്‍ ലുലുവാണ് പവര്‍ സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ് ചിത്രത്തിനായി. ഇപ്പോള്‍ ഒരു ഫാൻ മെയ്‍ഡ് പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ബാബു ആന്റണി തന്നെയാണ് പോസ്റ്ററില്‍ ആകര്‍ഷണമായിട്ടുള്ളത്. ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുൻ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. പവര്‍ സ്റ്റാര്‍ ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഒക്ടോബറോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നായിരുന്നു നേരത്തെ ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.