അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണെന്ന് ബാബു ആന്റണി.

ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയ്യുന്ന ബാബു ആന്റണിയെ വെച്ച് നല്ല ബജറ്റില്‍ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്‍തിരുന്നെങ്കില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ എന്ന് സംവിധായകൻ ഒമര്‍ ലുലു പറഞ്ഞിരുന്നു. മികച്ച സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഒമര്‍ ലുലുവിന് നന്ദി പറഞ്ഞുകൊണ്ട് ബാബു ആന്റണിയും രംഗത്ത് എത്തിയിരുന്നു. ബാബു ആന്റണിയുടെ അഭിനയത്തെ കുറിച്ച് വിമര്‍ശനവും വന്നു. ഇപോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാബു ആന്റണി എത്തിയിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓഡിയെൻസിനു നല്ലതായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത എക്സ്‍പ്രഷൻ എനിക്ക് താല്‍പര്യമില്ല. സ്റ്റോറി, സ്‍ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്‍സ് എല്ലാം അഭിനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ചെയ്‍ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്‍തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ലെന്നും ബാബു ആന്റണി പറയുന്നു. 

ഇന്ത്യയിലെ വലിയ വലിയ ഡിറക്ടഴ്‍സിനു ഒരു കംപ്ലെയിൻസ് ഇല്ലതാനും. എന്റെ വര്‍ക്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.

ഏറ്റവും ഇഷ്‍ടപ്പെട്ട സിനിമ വൈശാലി ആണെന്നും ബാബു ആന്റണി പറയുന്നു.