ലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷയുടെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് പ്രിയ സുഹൃത്തിന്, സഹപ്രവർത്തകന് ആശംസയുമായി രം​ഗത്തെത്തിയത്. ഈ ദിനത്തിൽ അന്തരിച്ച സംവിധായകൻ സച്ചി തനിക്ക് ആശംസ അറിയിച്ച പഴയ വീഡിയോ പങ്കുവയ്ക്കുകയാണ് ബാദുഷ. ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകുമെന്ന് ബാദുഷ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. 

'ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ജന്മദിനാശംസ. കഴിഞ്ഞ വർഷം ഒരു ദിനം കഴിഞ്ഞ ശേഷമാണ് സച്ചിയേട്ടൻ എൻ്റെ ജന്മദിനമാണെന്ന് അറിഞ്ഞത്. ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് എനിക്ക് ആശംസ നേരുന്നുണ്ടാകും. ഈ ദിനത്തിൽ സച്ചിയേട്ടാ നിങ്ങളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു', എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്. 

സച്ചിയുടെ വാക്കുകൾ

‘ബാദു മോനെ നീ വീണ്ടും വയസ്സറിയിച്ചു എന്ന വിവരം ഞാൻ കുറച്ച് വൈകിയാണ് അറിഞ്ഞത്. സുബൈർ വിളിച്ചപ്പോൾ ആണ് ഇന്ന് നിന്റെ പിറന്നാളാണ് എന്ന് പറയുന്നത്. നിനക്ക് അറിയാല്ലോ ഞാൻ ഈ ഫേസ്ബുക്ക് ഒന്നും അങ്ങനെ തൊടാറില്ല. അല്ലെങ്കിൽ നേരത്തെ അറിഞ്ഞേനെ. അപ്പോൾ ആശംസിക്കാൻ വൈകിയതിൽ സോറി, ക്ഷമിക്കുക. നീ ഇനിയും ഒരുപാട് വർഷങ്ങളിൽ ഒരുപാട് സിനിമകൾ ചെയ്യട്ടെ. എല്ലാ സിനിമകളും ഗംഭീരമാകട്ടെ’, 

കഴിഞ്ഞ ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.'അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനിയും പൃഥ്വിരാജ് ആരംഭിച്ചിട്ടുണ്ട്. 'സച്ചി ക്രിയേഷന്‍സ്' എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona