സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ സിനിമ. അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.  ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളക്കരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടൻ ബാലയും സിരുത്തൈ ശിവയുടെ തമിഴ് ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നു. തന്റെ സഹോദരൻ കൂടിയായ സിരുത്തൈ ശിവയ്‍ക്കൊപ്പം ജോലി ചെയ്യുന്ന കാര്യം ബാല തന്നെ സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കുന്നു.

കൊവിഡിന്റെ വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ളവ എത്തിക്കാൻ ബാല മുൻകയ്യെടുത്തിരുന്നു. ആരാധകര്‍ ഇതിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പഴയ ഫോട്ടോ ബാല ഷെയര്‍ ചെയ്‍തിരിക്കുന്നു. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. ഷൂട്ടിംഗ് ദിവസങ്ങള്‍ മിസ് ചെയ്യുന്നു. പഴയ ഫോട്ടോ ഷെയര്‍ ചെയ്യുന്നു. ഞാനും സഹോദരൻ ശിവയും ഒന്നിച്ച് ഒരു തമിഴ് സിനിമ ചെയ്യുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നുമാണ് ബാല എഴുതിയിരിക്കുന്നത്. രജനികാന്ത് ചിത്രത്തിലാണ് താനും അഭിനയിക്കുന്നത് എന്ന് കുറിപ്പില്‍ ബാല വ്യക്തമാക്കിയിട്ടില്ല. അതേസമയം മീന, ഖുശ്‍ബു എന്നിവരും സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലുണ്ട്. നയൻതാരയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയായിരിക്കും ചിത്രം പറയുക. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ ആണ് സംഗീത സംവിധായകൻ.