കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതുല്യ കലാകാരി കെപിഎസി ലളിതയുടെ വിയോഗം.
മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ (KPAC Lalitha)വിയോഗത്തിന്റെ സങ്കടത്തിലാണ് കേരളക്കര. പ്രിയ കലാകാരിയെ ഒരുനോക്കു കാണാനായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇപ്പോഴിതാ തനിക്കൊപ്പം അമ്മയായും അമ്മായിയായും ചേച്ചിയായും അഭിനയിച്ച കെപിഎസി ലളിതയെ ഓർക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.
അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക്. എന്നാൽ എന്റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും അനുഭവങ്ങൾ പാളിച്ചകളിൽ കല്യാണി കളവാണി എന്ന പാട്ടു പാടുന്ന കെപിഎസി.ലളിതയാണെന്ന് ബലചന്ദ്രമേനോൻ കുറിക്കുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ
'കുടുംബപുരാണത്തിൽ ' എന്റെ അമ്മയായി .....'സസ്നേഹത്തിൽ ' എന്റെ ചേച്ചിയായി ...'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി ...കൂടാതെ, .ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു .'വിവാഹിതരെ ഇതിലെ ' ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..പിന്നീട് ആ കൂട്ടുകെട്ട് കാണികൾക്കു പ്രിയമായി ...'മണിച്ചെപ്പു തുറന്നപ്പോൾ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .എന്റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കൽ അതിഥിയായി വന്നു ...അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക് ..എന്നാൽ എന്റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും ' അനുഭവങ്ങൾ പാളിച്ചകളിൽ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്..പണ്ടെങ്ങോ ഞാൻ അവരെ പറ്റി പറഞ്ഞ വാക്കുകൾ ബഹുമാനപൂർവ്വം ആവർത്തിക്കട്ടെ :- "ചൂട് പുന്നെല്ലിന്റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ .."എന്നും നല്ല ഓർമ്മകളിൽ ആ കലാകാരി ജീവിക്കും ....that's ALL your honour
Read Also: 'എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടനുമായി ശരിയാവുമോ'? സ്ഫടികം ഓര്‍മ്മ പങ്കിട്ട് ഭദ്രന്‍
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതുല്യ കലാകാരി കെപിഎസി ലളിതയുടെ വിയോഗം. കഴിഞ്ഞ കുറേനാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, നവ്യനായരുടെ ഒരുത്തീ എന്നീ ചിത്രങ്ങളിലാണ് അവർ അവസാനമായി അഭിനയിച്ചത്. 10 വയസുള്ളപ്പോഴാണ് കെപിഎസി നാടകത്തില്‍ അഭിനയിച്ചുതുടങ്ങിയത്.
തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബം'ആണ് ആദ്യ സിനിമ. പിന്നീടങ്ങോട്ട് പല രൂപത്തിലും ഭാവത്തിലും നടി മലയാളികളുടെ പ്രിയങ്കരിയായി മാറി. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്.
