മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം. ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക്

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ് ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിലൂടെ. ഓണം റിലീസ് ആയി ഈ മാസം 28 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പിയും ഈ കോമ്പോ തന്നെ. അഖില്‍ സത്യന്‍റെ കഥയ്ക്ക് ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച കൗതുകകരമായ ചില വിവരങ്ങളും പുറത്തുവരികയാണ്. ചിത്രത്തിലെ ചില അതിഥിവേഷങ്ങളെക്കുറിച്ചാണ് അത്.

ബേസില്‍ ജോസഫും മീര ജാസ്മിനും അതിഥി വേഷങ്ങളില്‍ ചിത്രത്തില്‍ ഉണ്ടായിരിക്കും എന്നതാണ് അത്. ചിത്രത്തിന്‍റെ പുറത്തെത്തിയിരിക്കുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിലെ വിവരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മാളവിക മോഹനന്‍, സംഗീത, സംഗീത് പ്രതാപ്, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ജനാര്‍ദ്ദനന്‍, ബാബുരാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് ബേസില്‍ ജോസഫിന്‍റെയും മീര ജാസ്മിന്‍റെയും പേരുകള്‍ ഉള്ളത്. ചിത്രത്തിന്‍റെ കഥാസൂചനയും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ട്. അതേസമയം ബേസിലിന്‍റെയും മീര ജാസ്മിന്‍റെയും അതിഥിവേഷങ്ങള്‍ സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസ് ആണ്. സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പിനേഷനില്‍ എത്തിയ രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ മീര ജാസ്മിന്‍ മുന്‍പ് നായികയായിട്ടുണ്ട്. അതേസമയം ബേസില്‍ ജോസഫ് ആദ്യമായാണ് സത്യന്‍ അന്തിക്കാടിന്‍റെ ഫ്രെയ്‍മിലേക്ക് വരുന്നത്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Vazhoor Soman