ബേസില്‍ ജോസഫ് അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസാണ്.

ബേസില്‍ ജോസഫ് സംവിധായകനെന്ന നിലയില്‍ മാത്രമല്ല നടനായും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 'ജാനേമൻ' എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു.' മനോഹരം' അടക്കമുള്ള ചിത്രങ്ങളില്‍ ബേസില്‍ ജോസഫ് മികച്ച കഥാപാത്രങ്ങളുമായി എത്തിയിട്ടുണ്ട്. 'മിന്നല്‍ മുരളി 'എന്ന ചിത്രത്തിന്റെ വിജയത്തില്‍ നില്‍ക്കുന്ന ബേസില്‍ ജോസഫ് അഭിനയിക്കുന്ന പുതിയ സിനിമയുടെ അനൗൺസ്‍മെന്റ് വീഡിയോ പുറത്തുവിട്ടു.

'ജയ ജയ ജയ ജയ ഹേ' (Jaya Jaya Jaya Jaya Hey) എന്ന ചിത്രത്തിലാണ് ബേസില്‍ ജോസഫ് ഇനി അഭിനയിക്കുക. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. 'ഹൃദയം' എന്ന ചിത്രം ദര്‍ശന നായികയായി തിയറ്ററുകളില്‍ പ്രദര്‍ശിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View post on Instagram

'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ'യുടെ പ്രമേയം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കള്‍ ആരൊക്കെയാകും ചിത്രത്തില്‍ ബേസില്‍ ജോസഫിനും ദര്‍ശനയ്‍ക്കും ഒപ്പമുണ്ടാകുക എന്നും അറിയിച്ചിട്ടില്ല.

ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം 'മിന്നല്‍ മുരളി'യെ പ്രശംസിച്ച് ഇപ്പോഴും താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. നെറ്റ്‍ഫ്ലിക്സില്‍ ക്രിസ്‍മസ് റിലീസായിട്ടാണ് 'മിന്നല്‍ മുരളി' പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തില്‍ ഇതാദ്യമായി ഒരു സൂപ്പര്‍ഹീറോയെ വിശ്വസനീയമായി ബേസില്‍ ജോസഫിന് അവതരിപ്പിക്കാനായി എന്നാണ് അഭിപ്രായങ്ങള്‍. 'മിന്നല്‍ മുരളി' ചിത്രത്തില്‍ ടൊവിനൊ തോമസിന്റേയും വില്ലൻ ഗുരു സോമസുന്ദരത്തിന്റെയും പ്രകടനം പ്രശംസിക്കപ്പെട്ടു.