ബേസിൽ ജോസഫും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിരടി' മെയ് 14-ന് റിലീസ് ചെയ്യും. ഒരു അഭിമുഖത്തിൽ, പള്ളീലച്ചന്റെ മകനായതിനാൽ സ്കൂൾ കാലത്ത് തനിക്ക് നല്ലകുട്ടി ഇമേജായിരുന്നുവെന്ന് ബേസിൽ വെളിപ്പെടുത്തി.

ബേസിൽ ജോസഫിനെ നായകനാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി റിലീസിനൊരുങ്ങുകയാണ്. മെയ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാം ബോയ് എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി കരിയർ തുടങ്ങി സംവിധായകനായും സഹ നടനായും തിളങ്ങി നടനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബേസിലിന്റെ മികച്ച സിനിമകളിൽ ഒന്നായി മാറും അതിരടി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ചിത്രത്തിൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബേസിൽ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ചർച്ചയാവുന്നത്. പള്ളീലച്ചന്റെ മകൻ ആയതുകൊണ്ട് തന്നെ സ്‌കൂളിൽ എല്ലാം നല്ലകുട്ടി ഇമേജ് ആണ് തനിക്ക് ഉണ്ടായിരുന്നത് എന്നാണ് ബേസിൽ പറയുന്നത്. പിന്നീട് ഗവണ്മെന്റ് കോളേജിൽ എത്തിയപ്പോഴാണ് താൻ ബാക്ക്ബെഞ്ചർ ആയതെന്നും സിനിമയിലെത്തിയപ്പോൾ, പള്ളീച്ഛന്റെ മോൻ സിനിമയിലോ എന്ന ചിന്തയായിരുന്നു നാട്ടുകാർക്കെന്നും ബേസിൽ പറയുന്നു.

"പള്ളീലച്ചന്റെ മോൻ എന്ന് പറയുമ്പോൾ എന്റെയടുത്ത് ആരും ഒരലമ്പിനും വരില്ല.‌ എല്ലായിടത്തും ഒരു നല്ല കുട്ടി ഇമേജാണ്. കൃത്യമായി പള്ളിയിൽ ഇന്ന സമയത്ത് വരണം, ക്വയറിൽ പാട്ട് പാടുക, കീബോർഡ് വായിക്കുക. അത്തരം കാര്യങ്ങളിലൊക്കെ മുൻപന്തിയിൽ നിൽക്കുക. എന്ത് മത്സരമുണ്ടെങ്കിലും അവിടെ ആദ്യം തന്നെ ഉണ്ടാവുക. എന്റെ മാതാപിതാക്കൾ സ്കൂൾ അധ്യാപകർ കൂടിയായിരുന്നു. ടീച്ചർമാരുടെ മക്കൾക്ക് വേറൊരു പ്രിവിലേജ് ആണല്ലോ. അപ്പോൾ എല്ലാ പരിപാടികളിലും പങ്കെടുക്കും. ഇങ്ങനെയുള്ള കുട്ടിക്കാലം എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. പള്ളീലച്ചന്റെ മോൻ ആയതുകൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് പോലും അവന്റെ യഥാർഥ സ്വഭാവം എന്റെയടുത്ത് പുറത്തെടുത്തിട്ടില്ല. പിന്നീടാണ് മനസിലായിട്ടുള്ളത് പലതും. ക്ലാസിൽ ഒരിക്കൽ ആരോ ഒരു ഡബിൾ മീനിങ് സംഭവം പറഞ്ഞപ്പോൾ ടീച്ചറുൾപ്പെടെ ചിരിച്ചു." ബേസിൽ പറയുന്നു. 

"പക്ഷേ എനിക്ക് ചിരി വന്നില്ല. അപ്പോൾ ടീച്ചർ പറഞ്ഞു, നിനക്ക് അതൊന്നും മനസിലാക്കാൻ പ്രായമായിട്ടില്ല എന്ന്. കോളജിലെത്തി കഴിഞ്ഞപ്പോൾ ഇതെല്ലാം മാറി. തിരുവനന്തപുരത്ത് ഹോസ്റ്റലിലായിരുന്നു കോളജിൽ ഞാൻ. അവിടുന്ന് കിട്ടുന്ന സ്വാതന്ത്ര്യമൊക്കെ വേറെയാണല്ലോ. ​ഗവൺമെന്റ് കോളജിലേക്ക് എത്തിയപ്പോൾ പരിപാടി മാറി. നേരെ ബാക്ക്ബെഞ്ചറിലേക്കാണ് ഞാൻ ഷിഫ്റ്റ് ചെയ്തത്. ക്ലാസിൽ കയറില്ല, കോളജിൽ സമരം, ബ​ഹളം, ഫെസ്റ്റ് അങ്ങനെ. കോളജ് ലൈഫ് ഭയങ്കര പൊളിയായിരുന്നു. പ്ലസ് ടു വരെ ഇതിന് നേരെ വിപരീതമായിരുന്നു. പള്ളീലച്ചന്റെ മോൻ ആയതുകൊണ്ട് മതപരമായ കാര്യങ്ങളും പഠനങ്ങളുമൊക്കെ പിന്നീട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. പഠിപ്പിസ്റ്റ് സിനിമ പഠിക്കാൻ ഇറങ്ങിയിരിക്കുകയാണ് എന്ന് പറയുന്നതു പോലെ അങ്ങനെയായിരുന്നു." ബേസിൽ പറയുന്നു.

"വിനീതേട്ടന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് എനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു ജോലി വേണ്ടെന്ന് വച്ച്, ശമ്പളം വേണ്ടെന്ന് വച്ചിട്ട് ഞാനിവിടെ വന്നു നിൽക്കുകയാണ്. ഇവിടെ നിന്ന് ഇനി ഓടിപ്പോയാലോ. ഇതിൽ‌ ഇനി മുൻപോട്ട് പോയാൽ പിടിച്ചു നിൽക്കാൻ പറ്റുമോ എന്നൊക്കെയുള്ള സംശയം എനിക്ക് ആദ്യമുണ്ടായിരുന്നു. ഇനി എനിക്ക് വേറെ വഴിയില്ല എല്ലാം പാളിയെന്ന് പറഞ്ഞ് എനിക്ക് വയനാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റില്ല. അവരും എന്നെ ആശ്രയിച്ചാണല്ലോ നിൽക്കുന്നത്. അപ്പോൾ പിന്നെ വേറെ വഴിയില്ല, സിനിമ പഠിക്കുകയല്ലാതെ. അച്ഛന്റെയും അമ്മയുടെയും മനസിൽ പോലും സിനിമ ഉണ്ടായിരുന്നില്ല. പള്ളീലച്ചന്റെ മോൻ സിനിമയിലോ? അതെങ്ങനെ ശരിയാകും എന്ന് പറയുന്നതു പോലത്തെ ചോദ്യങ്ങളായിരുന്നു ആദ്യമൊക്കെ ആളുകൾ. സിനിമ എന്ന് പറഞ്ഞാൽ പിന്നെ ഒരു നെ​ഗറ്റീവ് ഇമ്പ്രഷനായിരുന്നു ആളുകൾക്ക്." ബേസിൽ കൂട്ടിച്ചേർത്തു. ചാറ്റ് വിത്ത് ഭക്തൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.

അതേസമയം മിന്നൽ മുരളി ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അതിരടി. മിന്നൽ മുരളിയുടെ സഹരചയിതായിരുന്നു സംവിധായകൻ അരുൺ അനിരുദ്ധൻ. വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.