ഒന്നര പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കുശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന 'ജൂതനി'ല്‍ സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

'ഉടയോന്‍' പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷമാണ് 'ജൂതനു'മായി സംവിധായകന്‍ ഭദ്രന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. സിനിമകള്‍ ചെയ്യാത്ത ഈ ഇടവേളയിലും ഏറ്റവും പുതിയ സിനിമകള്‍ കണ്ട് സ്വയം അപ്‍ഡേറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല അദ്ദേഹം. ശ്രദ്ധേയമായ പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ തന്‍റെ അഭിപ്രായം ചുരുങ്ങിയ വാക്കുകളില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ 'ദൃശ്യം 2'നെക്കുറിച്ചുള്ള അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ചിത്രം കണ്ടിട്ട് മോഹന്‍ലാലിന് അയച്ച വാട്‍സ്ആപ് സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. "ഹായ് ലാല്‍, ഓരോ കുറ്റകൃത്യത്തിനു പിന്നിലും ഒരു ഭയവും വേദനയും ഉണ്ടാവും. അതിനു മാറ്റമില്ല! നിയന്ത്രിത അഭിനയത്തിന്‍റെ പിന്തുണയോടെ മികച്ച രീതിയില്‍ ഒരുക്കപ്പെട്ട ചിത്രം! നന്നായിട്ടുണ്ട്", എന്നാണ് ഭദ്രന്‍റെ സന്ദേശം. അഭിനന്ദനത്തിന് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ അയച്ച സ്മൈലികളും ചിത്രത്തില്‍ കാണാം. 

ഒന്നര പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കുശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന 'ജൂതനി'ല്‍ സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ്ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അതേസമയം ഭദ്രന്‍റെ ക്ലാസിക് ചിത്രം 'സ്ഫടിക'ത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റോറേഷന്‍ പ്രവര്‍ത്തനങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം റീറിലീസിംഗിന് എത്തുക.