2024 ഓഗസ്റ്റ് 30ന് ആയിരുന്നു ഭരതനാട്യം തിയറ്റുകളിൽ എത്തിയത്.
ചില സിനിമകൾ അങ്ങനെയാണ്. തിയറ്ററിൽ വേണ്ടത്ര ശോഭിച്ചില്ലെങ്കിലും ഒടിടിയിൽ വന്ന് മിന്നും പ്രകടനം കാഴ്ചവയ്ക്കും. അത്തരത്തിലൊരു സിനിമയായിരുന്നു സൈജു കുറുപ്പ് നായകനായി എത്തിയ ഭരതനാട്യം. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ ഗംഭീര പ്രതികരണം നേടിയിരുന്നു. സിനിമയേയും അഭിനേതാക്കളേയും പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോൾ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കൃഷ്ണദാസ് മുരളി.
ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം നവംമ്പറിൽ ആരംഭിക്കുമെന്നാണ് കൃഷ്ണദാസ് മുരളി അറിയിച്ചിരിക്കുന്നത്. ദി ന്യു ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. മോഹിനിയാട്ടം എന്നാണ് സ്വീക്വലിന്റെ പേര്.
"നിലവിൽ നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത വർഷം റിലീസ് ചെയ്യാനാണ് തീരുമാനം. ഭരതനാട്യം നിർത്തിയ ഇടത്തുനിന്നും തന്നെയാണ് മോഹിനിയാട്ടത്തിൻ്റെ കഥ ആരംഭിക്കുന്നത്. പ്രധാന അഭിനേതാക്കളെല്ലാവരും ഉണ്ടാകും. ചില അഭിനേതാക്കളിൽ മാറ്റങ്ങളുണ്ടാകും. ഒപ്പം കൂട്ടിച്ചേർക്കലുകളും. ടെക്നിക്കൽ ക്രൂവിലും ഞങ്ങൾ കുറച്ച് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇത്തവണ സംഭവ ബഹുലമായൊരു സിനിമയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മികച്ചൊരു തിയറ്റർ അനുഭവം തന്നെയായിരിക്കും മോഹിനിയാട്ടം", എന്നാണ് കൃഷ്ണദാസ് മുരളി പറഞ്ഞത്.
സൈജു കുറുപ്പാണ് മോഹിനിയാട്ടവും നിർമിക്കുന്നത്. വിഷ്ണു ആർ പ്രദീപിനൊപ്പം കൃഷ്ണദാസ് മുരളിയും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. 2024 ഓഗസ്റ്റ് 30ന് ആയിരുന്നു ഭരതനാട്യം തിയറ്റുകളിൽ എത്തിയത്. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് എന്നിവരായിരുന്നു ഭരതനാട്യത്തിലെ അഭിനേതാക്കൾ.



