ഫെബ്രുവരി 24 റിലീസ്

മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിന്‍റെ (Bheeshma Parvam) പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. സുദേവ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അണിയറക്കാര്‍ ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. 'രാജന്‍' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഒരു ഗ്യാങ്സ്റ്റര്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗെറ്റപ്പിലുള്ള കഥാപാത്രം ഒരു പഴയ മോഡല്‍ കാറിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങുന്നതാണ് പോസ്റ്ററില്‍.

ഭീഷ്‍മ പര്‍വ്വത്തിന്‍റെ പുറത്തെത്തിയ 17-ാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ആണിത്. പുതുവര്‍ഷ രാവിലാണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ അമല്‍ നീരദ് അവതരിപ്പിച്ചത്. സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന നായക കഥാപാത്രത്തിന്‍റെ പേര് മൈക്കള്‍ എന്നാണ്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.