മോഹൻലാലിന്റെ പുതിയ ചിത്രം ബിഗ്ബ്രദറുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ രസകരമായൊരു മത്സരം സംഘടിപ്പിച്ചിരുന്നു. നിങ്ങളുടെ ബിഗ്ബ്രദറിന്റെ കൂടെയുള്ള ഒരു പെർഫോമൻസ്, അതൊരു ഡാൻസാകാം, കോമഡിയാകാം, പാട്ടാകാം. അത് ഒരു മിനിട്ടിൽ താഴെയുള്ള വീഡിയോയായി ഷൂട്ട് ചെയ്തു ബിഗ് ബ്രദർ സിനിമയുടെ ഔദ്യോഗിക മൂവി പേജിലേക്ക് മെസേജ് ആയി അയയ്ക്കുക. ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വീഡിയോയിലെ മത്സരാർഥികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കും.ഇതായിരുന്നു മത്സരം, മത്സരം പ്രഖ്യാപിച്ചത് മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. 

ഇപ്പോഴിതാ മത്സരത്തിന് മാറ്റ് കൂട്ടാൻ മോഹൻലാലും സംഘവും തകർപ്പൻ ഡാൻസുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഹണി റോസ്, സര്‍ജാനൊ ഖാലിദ് അടക്കമുള്ള താരങ്ങളാണ് മോഹൻലാലിനൊപ്പം ഡാൻസ് ചെയ്തിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ബിഗ് ബ്രദർ മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ഇമേജ് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍,  സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു