വിജയ്‌യുടെ ദീപാവലി റിലീസ് ആയി എത്തുന്ന 'ബിഗിലി'ന്റെ പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗിന് വന്‍ പ്രേക്ഷക പ്രതികരണം. ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പല പ്രധാന സെന്ററുകളിലും ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകള്‍ ഏറെക്കുറെ ബുക്കിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള കേരള സെന്ററുകളിലും വലിയ പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിന് ലഭിക്കുന്നത്.

ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സൂപ്പര്‍താര സിനിമകളുടെ അഡ്വാന്‍സ് ബുക്കിംഗ് ഓണ്‍ലൈനിനേക്കാള്‍ നടക്കുന്നത് തീയേറ്ററുകള്‍ വഴി നേരിട്ടാണ്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ക്കായി പല തീയേറ്ററുകള്‍ക്ക് മുന്നിലും തിക്കും തിരക്കുമുണ്ട്. ചിലയിടങ്ങളിലൊക്കെ മഴയെ അവഗണിച്ചാണ് ആരാധകര്‍ തടിച്ചുകൂടിയത്.

ബുക്ക് മൈ ഷോ വഴി റിലീസ് ദിനം ചെന്നൈ സര്‍ക്കിളില്‍ 73 പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. മായാജാല്‍ മള്‍ട്ടിപ്ലെക്‌സില്‍ മാത്രം വെള്ളിയാഴ്ച 'ബിഗിലി'ന് 50 പ്രദര്‍ശനങ്ങളുണ്ട്. 73 ഷോകളിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റുപോയിട്ടുണ്ട്.

ബുക്ക് മൈ ഷോ വഴിയുള്ള നിലവിലെ വിവരമനുസരിച്ച് തിരുവനന്തപുരത്തും റിലീസ് ദിനത്തില്‍ 'ബിഗിലി'ന് 73 പ്രദര്‍ശനങ്ങളാണ് ഉള്ളത്. പുലര്‍ച്ചെ നാലിന് മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സിലാണ് തിരുവനന്തപുരത്തെ ആദ്യ പ്രദര്‍ശനം. പുലര്‍ച്ചെ നാലിനാണ് ഇത്. റിലീസ് ദിനം തിരുവനന്തപുരത്ത് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഏരീസ്‌പ്ലെക്‌സ് എസ്എല്‍ സിനിമാസ് ആണ്. ബിഗിലിന് 23 പ്രദര്‍ശനങ്ങളാണ് ഏരീസില്‍ വെള്ളിയാഴ്ച.

തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. നയന്‍താരയാണ് നായിക. ജാക്കി ഷ്രോഫ്, കതിര്‍, വിവേക്, ഡാനിയല്‍ ബാലാജി, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.