നടൻ അനിൽ പി നെടുമങ്ങാടിൻ്റെ വിയോഗവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടൻ ബിജു മേനോൻ. ''അനിൽ ...ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?'' അനിലിൻ്റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. അടുത്ത സുഹൃത്തായിരുന്ന സംവിധായകൻ സച്ചിയുടെ വിയോഗത്തിന് പിന്നാലെയാണ്  അയ്യപ്പനും കോശിയിലും ഒപ്പം നിറഞ്ഞാടിയ സഹപ്രവര്‍ത്തകനെ കൂടി ബിജുവിന് നഷ്ടപ്പെടുന്നത്.  

അനിൽ പി നെടുമങ്ങാടിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് മലയാള സിനിമാ ലോകം. തൊടുപുഴയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ജോജു ജോര്‍ജുവിൻ്റെ പുതിയ ഷൂട്ടിംഗ് സൈറ്റിൽ നിന്നും വൈകിട്ട അഞ്ചരയോടെയാണ് അനിലിൻ്റെ മരണ വാര്‍ത്ത പുറത്തു വരുന്നത്. 

നിമിഷങ്ങൾക്ക് മുൻപ് തങ്ങളൊടപ്പം ക്യാമറയ്ക്ക് മുന്നിൽ നിന്ന നടൻ്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത ഉൾക്കൊള്ളാൻ പോലുമാക്കാത്ത അവസ്ഥയിലാരുന്നു ജോജു ജോര്‍ജടക്കമുള്ള ചിത്രത്തിലെ അഭിനേതാക്കളും ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകരും. മോശം വാര്‍ത്തയുടെ വിവരം വന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍  ചിത്രത്തിലെ താരങ്ങളുമായും മറ്റു അണിയറ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കാൻ ശ്രമിച്ചെങ്കിലും ആരേയും ലൈനിൽ ലഭിച്ചില്ല. പിന്നീട് തൊടുപുഴ പൊലീസും ആശുപത്രി അധികൃതരുമാണ് അനിലിൻ്റെ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്. 

അനിൽ ...ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?

Posted by Biju Menon on Friday, 25 December 2020