പൗരത്വ ഭേദഗതി നിയമത്തിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. ജനിച്ചത് ഇന്ത്യയിലാണ്, ജീവിത്തിന്നതും മരിക്കുന്നതും ഇന്ത്യയില്‍ത്തന്നെ ആയിരിക്കുമെന്നും ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

'ടീമേ, ജനിച്ചത് ഇന്ത്യയില്‍ തന്നെയാണ്. ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയില്‍ത്തന്നെയായിരിക്കും. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട', ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്.

മലയാള സിനിമയിലെ യുവനിരയില്‍ നിന്ന് ഒട്ടേറെപ്പെര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സര്‍വ്വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വ്വതി, ആഷിക് അബു, നൈല ഉഷ, അമല പോള്‍, മുഹ്‌സിന്‍ പരാരി തുടങ്ങി നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു.