​ദില്ലി: ഹെർബർ ഓയിലിന്റെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് നടൻമാരായ ജാക്കി ഷെറഫിനും ​ഗോവിന്ദയ്ക്കും പിഴ ചുമത്തി ഉത്തർപ്രദേശിലെ മുസാഫർ ന​ഗർ കോടതി. 20,000 രൂപയാണ് ഇരുവർക്കുമായി കോടതി പിഴ ചുമത്തിയത്. 2012-ൽ അഭിഭാഷകനായ അഭിനവ് അ​ഗർവാൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

15 ദിവസം കൊണ്ട് വേദനമാറിയില്ലെങ്കിൽ മുടക്കിയ പണം തിരികെ നൽകുമെന്നായിരുന്നു ഹെർബർ ഓയിൽ കമ്പനിയുടെ അവകാശവാദം. എന്നാൽ, 15 ദിവസം തുടർച്ചയായി ഉപയോ​ഗിച്ചിട്ടും വേദനമാറാതെ ആയപ്പോഴാണ് അഭിനവ് അ​ഗർവാൾ ഉപഭോക്തൃ കോടതിയിൽ ഹെർബർ എയിലിനെതിരെ പരാതി നൽകിയത്. നടൻമാരായ ജാക്കി ഷെറഫും ​ഗോവിന്ദയുമായിരുന്നു ഹെർബൽ ഓയിലിന്റെ പരസ്യത്തിന്റെ അംബാസിഡർമാർ. നടൻ‌മാർ അഭിനയിച്ച പരസ്യം വാ​ഗ്ദാനം ചെയ്തതുപോലെ 15 ദിവസം കൊണ്ട് വേദനമാറിയില്ലെന്ന് അഭിനവ് പരാതിയിൽ ആരോപിച്ചു.

എഴുപത് വയസ്സായ അച്ഛൻ ബ്രിജുഭൂഷണ് വേണ്ടി 3,600 രൂപ കൊടുത്താണ് വേദനാസംഹാരിയായ ഓയിൽ വാങ്ങിച്ചത്. 15 ദിവസംകൊണ്ട് ഫലമുണ്ടാകുമെന്ന് വാഗ്‌ദാനം ചെയ്ത് പത്രത്തിൽ നൽകിയ പരസ്യം കണ്ടായിരുന്നു ഓയിൽ വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ‌, പത്ത് ദിവസമായിട്ടുപോലും വേ​ദന കുറഞ്ഞില്ല. തുടർന്ന്, മധ്യപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയുടെ പ്രതിനിധിയുമായി ബന്ധപ്പെട്ടപ്പോൾ പണം തിരിച്ച് ലഭിക്കാനുള്ള നടപടി തുടങ്ങുന്നതിനായി ഓയിൽ തിരിച്ച് നൽകണമെന്ന് നിർദ്ദേശിച്ചു.

ഓയിൽ തിരിച്ച് നൽകിയെങ്കിലും പണം തിരിച്ചുനൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട് വിളിക്കുമ്പോഴെല്ലാം കമ്പനിയിൽനിന്നുള്ളവർ തന്നോട് മോശമായി ഇടപെടാൻ തുടങ്ങി. നടൻമാരായ ജാക്കി ഷെറഫും ​ഗോവിന്ദയും ഓയിലിന് പ്രചാരണം നൽകിയതുകൊണ്ട് മാത്രമാണ് താൻ ഓയിൽ വാങ്ങിച്ചത്. എന്നാൽ, കമ്പനി വാ​ഗ്ദാനങ്ങളൊന്നും പാലിച്ചില്ല. എല്ലാം വ്യാജമായിരുന്നുവെന്നും അഭിനവ് പരാതിയിൽ പറ‍ഞ്ഞു.

പരാതി നൽകി അഞ്ച് വർഷത്തിന് ശേഷമാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. കമ്പനി, ജാക്കി ഷെറഫ്, ​ഗോവിന്ദ, ചെലിമാർട്ട് ഷോപ്പിങ് നെറ്റ്‍വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, മാക്സ് കമ്മ്യൂണിക്കേഷൻ എന്നിവർ ചേർന്ന് 20,000 രൂപ പരാതിക്കാരന് നൽകണമെന്നായിരുന്നു കോടതി വിധി. അഭിനവിന്റെ കയ്യിൽ നിന്ന് ഉത്പന്നത്തിന്റെ പേരിൽ വാങ്ങിച്ച 3,600 രൂപ ഒമ്പത് ശതമാനം വാർഷിക പലിശയുൾപ്പടെ തിരിച്ച് നൽകാൻ കമ്പനിക്ക് കോടതി നിർദ്ദേശം നൽകി. കൂടാതെ, കേസ് നടത്താൻ അഭിനവിന് ചെലവായ തുകയും കമ്പനി നൽകണമെന്നും കോടതി ഉത്തരവിട്ടു.