മുംബൈ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സം​ഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ. സംഭവത്തില്‍ കുറ്റവാളികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് നടൻ അക്ഷയ് കുമാർ ഉൾപ്പടെയുള്ളവർ രം​ഗത്തെത്തി. 

‘അമര്‍ഷവും വേദനയും തോന്നുന്നു. എന്നാണ് ഇതൊന്ന് അവസാനിക്കുക. കുറ്റവാളികളെ പേടിപ്പിക്കുന്ന രീതിയില്‍ നമ്മുടെ നിയമങ്ങള്‍ നടപ്പാക്കണം. ഈ കൃത്യം ചെയ്തവരെ തൂക്കിലേറ്റുക തന്നെ വേണം. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്’- അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

അത്യധികം വേദനിപ്പിക്കുന്ന സംഭവമാണിതെന്നും കുറ്റവാളികളെ പൊതുജനത്തിന് മുന്നില്‍വെച്ച് തൂക്കിക്കൊല്ലണമെന്നും നടന്‍ റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു. എല്ലാവരും അന്തസ്സോടെ ജീവിക്കാൻ അർഹരാണ്. കുറ്റവാളികളെ ശിക്ഷിക്കുക എന്നായിരുന്നു റിച്ച ചദ്ദയുടെ ട്വീറ്റ്.

ക്രൂരതയ്ക്ക് യാതൊരു പരിധിയുമില്ലെന്ന് ഈ സംഭവം തെളിയിച്ചിരിക്കുകയാണെന്നാണ് സ്വര ഭാസ്‌കറുടെ ട്വീറ്റ്. മാനസികനില തെറ്റിയ ക്രൂരസമൂഹമായി രാജ്യം മാറിയിരിക്കുന്നുവെന്നും സ്വയം ലജ്ജിക്കേണ്ട സമയമാണെന്നുമാണ് സ്വര ട്വീറ്റ് ചെയ്തത്.

ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.  നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു.  കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി.