അന്ന ബെന്‍ നായികയായ മലയാളം ത്രില്ലര്‍ ചിത്രം ബോളിവുഡിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോണി കപൂറിന്‍റെ മകളും നടിയുമായ ജാന്‍വി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക. ഇംഗ്ലീഷ് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ധഡകിന്‍റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. എന്നാല്‍ ജാന്‍വി നായികയാവുന്ന 'ദി ബോംബെ ഗേള്‍' എന്ന ചിത്രം ഈ വര്‍ഷാദ്യം ബോണി കപൂര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന്‍ റീമേക്ക് ആവും ആദ്യം നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷാദ്യം ചിത്രീകരണം ആരംഭിച്ചേക്കും.

 

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ഒരു അസാധാരണ സാഹചര്യമാണ് പശ്ചാത്തലമാക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. അതേസമയം ഹെലനും കൂടാതെ അന്ന ബെന്‍ അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സും പുതിയ ചിത്രം കപ്പേളയും ഒടിടി റിലീസിലൂടെ മലയാളികളല്ലാത്ത സിനിമാപ്രേമികളിലേക്കും എത്തിയ ചിത്രങ്ങളാണ്. കുമ്പളങ്ങി നൈറ്റ്സും ഹെലനും ആമസോണ്‍ പ്രൈമിലും കപ്പേള നെറ്റ്ഫ്ളിക്സിലുമാണ് റിലീസ് ചെയ്യപ്പെട്ടത്. ഇവയുടെ ഒടിടി റിലീസിനു പിന്നാലെ ട്വിറ്റര്‍ പോലെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വന്ന പ്രതികരണങ്ങള്‍ കേരളത്തിനു പുറത്തേക്ക് ഈ ചിത്രങ്ങള്‍ക്കു ലഭിച്ച സ്വീകാര്യതയുടെ തെളിവായിരുന്നു.