ഇതിനൊപ്പം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവെന്ന് വ്യക്തമാക്കുന്ന ചിത്രവും ഇവര്‍ നല്‍കുന്നുണ്ട്...

ദില്ലി: ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തിന് പിന്നാലെ റിലീസ് ചെയ്യാനിരിക്കുന്ന ഛപാക് സിനിമയുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പ്രതിഷേധിച്ച് ചിലര്‍. ജെഎന്‍യുവില്‍ മുഖംമൂടിയിട്ടെത്തിയവരുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ രാത്രിയില്‍ ദീപിക സന്ദര്‍ശിച്ചിരുന്നു. 

ഇതിന് പിന്നാലെ ദീപികയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഛപാക് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാമ്പയിനുകള്‍ നടന്നിരുന്നു. ഇതിനുചുവടുപിടിച്ചാണ് ചിത്രം കാണാന്‍ മുന്‍കൂട്ടിയെടുത്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ക്യാമ്പയിന്‍ ട്വിറ്ററില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനൊപ്പം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവെന്ന് വ്യക്തമാക്കുന്ന ചിത്രവും ഇവര്‍ നല്‍കുന്നുണ്ട്. 

Scroll to load tweet…

#shameonbollywood #boycottchhapaak തുടങ്ങിയ ഹാഷ്ടാഗുകളിലാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. ജനുവരി 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് ഛപാക്. ദീപിക തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. 

ഞായറാഴ്ച മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ ജെഎന്‍യു ക്യാമ്പസിലെത്തുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി നേതാവ് ഐഷേ ഘോഷിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഛപാക്കിന്‍റെ പ്രമോഷന്‍ പരിപാടിക്കായി ദില്ലിയിലെത്തിയപ്പോഴാണ് ജനുവരി ഏഴിന് രാത്രി ദീപിക ഐഷേയെയും സംഘത്തെയും സന്ദര്‍ശിച്ചത്. കൂപ്പുകൈകളോടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെത്തിയ ദീപികയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.