'ബോയ്‍സ് ഓവർ ഫ്ലവേഴ്‍സ്' എന്ന ഹിറ്റ് കൊറിയൻ ഡ്രാമയുടെ റിവ്യു (K Drama review).

ധനികനായ നായകൻ, പണമില്ലാത്ത നായിക, എന്തിനും ചങ്ക് പറിച്ച് കൂടെ നിൽക്കുന്ന കൂട്ടുകാർ, പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളും ഓർമിപ്പിച്ച് മകനെ കെട്ടിയിടാൻ ശ്രമിക്കുന്ന അതിസമ്പന്നയായ അമ്മ, പ്രണയിതാക്കളുടെ ഇടയിലേക്ക് കടന്നെത്തുന്ന വിവാഹാലോചനകൾ.....പ്രമേയത്തിന്റെ ചേരുവകൾ പുതുമയേ അല്ല. പക്ഷേ പറഞ്ഞിട്ടെന്താ.. ജപ്പാനിലെ കോമിക്ക് പറഞ്ഞ 'ബോയ്‍സ് ഓവർ ഫ്ലവേഴ്‍സ്' സീരീസായി പല നാടുകളിൽ പല ഭാഷകളിൽ. എല്ലായിടത്തും സൂപ്പർ ഡൂപ്പർ ഹിറ്റ്. 2009ൽ ഇറങ്ങിയ കൊറിയൻ വേർഷൻ കാണാൻ നെറ്റ്ഫ്ലിക്സിൽ ഇപ്പോഴും തിരക്കാണ്, 2022ലും. കെ സീരീസ് കമ്പം കൂടിയ ഇക്കാലത്ത് സാമൂഹികമാധ്യമങ്ങളിൽ ഓരോ എപ്പിസോഡുകളുടെയും പരിഭാഷ വരെ വരുന്നു. എക്കാലത്തും എല്ലാക്കാലത്തും പോപ്പുലറായ കൗമാരപ്രണയം നല്ല സംഗീതത്തിന്റേയും ദൃശ്യങ്ങളുടെയും ചിറകിലേറി എത്തുമ്പോൾ ജനം എങ്ങനെ കാണാതിരിക്കും? (K Drama review)

കൊറിയയിലെ അതിധനികരുടെ മക്കൾ മാത്രം പഠിക്കുന്ന ഒരു സ്‍കൂൾ. അവിടത്തെ എല്ലാവരുടേയും ഹീറോസും അതേസമയം പേടിസ്വപ്‍നവുമാണ് നാലംഗസംഘം. F4 എന്ന പേരിലുള്ള സംഘത്തിലെ നാലുപേരും (ജുൻ പ്യോ, ജി ഹൂ, യീ ജങ്,വൂ ബിൻ) സുന്ദരൻമാരാണ്. മിടുക്കൻമാരാണ്. സ്‍കൂളിലെ തന്നെ ഏറ്റവും കാശുകാരാണ്. ഇതാണ് ഹീറോസാകാൻ കാരണം. മറുവശത്ത് നാലുപേരും വികൃതികളാണ്. താൻപോരിമയുള്ളവരാണ്. ആരേയും കൂസാത്തവരാണ്. എതിരിടുന്നവരെ ഒതുക്കുന്നവരാണ്. എല്ലാവരും ഒന്ന് കരുതുന്നതിന് കാരണം അതാണ്. 

ഇവിടേക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ ജാൻഡി എന്ന പെൺകുട്ടി പഠിക്കാനെത്തുന്നു. ഡ്രൈക്ലീൻ സ്ഥാപനം നടത്തുന്നവരാണ് അവളുടെ മാതാപിതാക്കൾ. വലിയ കാശൊന്നുമില്ലെന്നർത്ഥം. തനിക്ക് ശീലമില്ലാത്ത പണക്കൊഴുപ്പ് വിളയാടുന്ന സ്‍കൂളും കുട്ടികളും ശ്വാസം മുട്ടിക്കുമ്പോഴും ജാൻ‍ഡി പിടിച്ചുനിൽക്കുന്നു. ഇടക്ക് F4സംഘവുമായി അവൾ കോർക്കുന്നു. ജുൻ പ്യോക്ക് ജാൻ‍ഡി അത്ഭുതവും കൗതുകവും പിന്നെ ഇഷ്‍ടവും ആകുന്നു. കൂസലില്ലായ്‍മയും സത്യസന്ധതയും എല്ലാമാണ് ജുൻപ്യോക്ക് ഇഷ്‍ടമാകുന്നത്. ആദ്യം അനിഷ്‍ടമാണെങ്കിലും പതുക്കെ ജാൻഡിക്കും ജുൻപ്യോയോട് സ്‍നേഹം തോന്നുന്നു. രണ്ടുപേരും അത് തിരിച്ചറിയുന്നതും സമ്മതിക്കുന്നതും പരസ്‍പരം മനസ്സുതുറക്കുന്നതും എല്ലാം പതുക്കെയാണ്. ജുൻപ്യോക്ക് വ്യവസായസാമ്രാജ്യം വലുതാക്കുന്നതിനായി അമ്മ വേറെയൊരു കല്യാണം നിശ്ചയിക്കുന്നതും അവരുടെ മറ്റ് ഇടങ്കോലിടലും ജീവിതപശ്ചാത്തലത്തിലുള്ള അന്തരവും അപകടവും എല്ലാം അവരുടെ ഇടയിൽ പ്രശ്‍നങ്ങളും തെറ്റിദ്ധാരണകളും അകൽച്ചയും ഉണ്ടാക്കുന്നുണ്ട്. അപ്പോഴും രണ്ടുപേരും ഉള്ലിലുള്ള പ്രണയം മുറുകെപ്പിടിക്കുന്നുണ്ട്. അവരുടെ സുഹൃത്തുക്കളും ജീവിതം തിരിച്ചറിയുന്നു, പ്രധാനം എന്താണെന്ന് മനസ്സിലാക്കുന്നുണ്ട്. സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കൈ പിടിച്ച് F4സംഘവും ജാൻഡിയും വലുതാകുന്നു. ഒപ്പം നമ്മൾ പ്രേക്ഷകരും. അവരുടെ പ്രശ്‍നങ്ങളും വേദനകളും തിരിച്ചറിവുകളും പ്രണയമധുരവുമെല്ലാം ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും അവർ പ്രിയം ഏറ്റുവാങ്ങുന്നത്. പല ഭാഷകളിൽ ഇപ്പോഴും സംസാരിക്കുന്നത്.

സീരിസിന് പിന്നാലെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം കൊറിയക്കാർക്ക് പ്രയിപ്പെട്ടവരായി, സ്വന്തക്കാരായി. ജുൻ പ്യോയും ജാൻഡിയും പ്രണയത്തിന്റെയും പ്രണയസംഘർഷങ്ങളുടെയും എല്ലാം പര്യായമായി. പ്രണയിതാക്കൾ പരസ്‍പരം ജുൻ പ്യോയും ജാൻഡിയും ആകാൻ മത്സരിച്ചു. ജി ഹൂ കൊറിയക്കാരുടെ പ്രിയപ്പെട്ട ദേവദാസായി. യീ ജങ്,വൂ ബിൻ,സോ യൂൻ എന്നിവർ ആളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്‍നേഹിതരായി. അവരുടെ പുത്തൻ ഡിസൈനിലുള്ള ഉടുപ്പുകൾ ഫാഷൻ രംഗത്ത് തരംഗമായി. ഹെയർസ്റ്റൈലും മേക്കപ്പുമൊക്കെ ഹിറ്റ്. തീർന്നില്ല. അവരുടെ ആഘോഷവേദികളും യാത്രാവേദികളും എല്ലാം തേടി കൊറിയയിലേക്ക് ആളുകളെത്താൻ തുടങ്ങി. സീരീസിൽ കാണിച്ച ബീച്ചുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ആളുകൂടി. ജപ്പാനു പുറമെ തായ്വാങൻ, തായ്ല്ൻഡ്, ചൈന എന്നിവിടങ്ങളിലും F4 സംഘവും ജാൻഡിയും ഹിറ്റായി. തരംഗമായി. തായ്വാർനിലെ സീരിസിലെ ചെറുപ്പക്കാർ പിന്നാലെ F4 എന്ന പേരിൽ തന്നെ ബാൻഡും രൂപീകരിച്ചു. അത്രയും ഹിറ്റായിരുന്നു 'Meteor Garden' എന്ന പേരിൽ വന്ന സീരീസ്. ചൈനയിലും അതേ പേരിലാണ് നാലംഗസുഹൃദ്‍സംഘത്തിന്റേയും ജാൻഡിയുടേയും കഥ വന്നത്. 

ടീനേജ് കാലത്തിന്റെ ഓർമപ്പെടുത്തൽ നൽകുന്ന മധുരം. ഒരു ചെറുചിരിയോടെ ഒരിത്തിരി സന്തോഷത്തോടെ മാത്രമേ 25 എപ്പിസോഡിന് ശേഷം റിമോട്ട് താഴെ വെക്കൂ. 'ബോയ്‍സ് ഓവർ ഫ്ലവേഴ്‍സ്' വെറുതെയല്ല ഇപ്പോഴും കാഴ്‍ചക്കാരെ നേടുന്നത്. 

Read More : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ട്രെയിലര്‍