കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ഇരുപത്തി ഒന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനത്തിന് പിന്തുണയുമായി സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചത്.

"വീട്ടിലിരിക്കുക. സുരക്ഷിതരായിരിക്കുക. മാനസികമായും ശാരീരകമായും കരുത്തരായിരിക്കുക. വിശ്വാസമുണ്ടായിരിക്കണം. പ്രാര്‍ത്ഥിക്കണം. ധ്യാനിക്കണം. ആകാശം നീലയാകുന്നത് നിത്യവും കാണുക. 21 ദിവസങ്ങള്‍ പിന്നിടും,"- എന്ന് ഷാഹിദ് കപൂർ ട്വീറ്റ് ചെയ്തു. നന്ദി എന്നു മാത്രമായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.

"21 ദിവസങ്ങള്‍. നമ്മളുടെ ജീവിനെ വച്ചു നോക്കുമ്പോള്‍ അധികമല്ല. ഈ ലോക്ക് ഡൗണിന്റെ അവസാനം നമുക്ക് ആഘോഷിക്കാനുള്ളതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ ഓരോ ദിവസമെന്ന നിലയില്‍ കടന്നു പോകാം,"എന്നാണ് താപ്സി പന്നു ട്വിറ്ററിൽ കുറിച്ചത്.

"നമ്മളൊരു വഴിത്തിരിവിലാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതില്‍ നമ്മള്‍ സര്‍ക്കാരിനെ സഹായിക്കണം. ഭീതിയുടെ സമയങ്ങളില്‍ ഐക്യവും മനുഷ്യത്വവും ത്യാഗവും പ്രതീക്ഷയുമാണ് വേണ്ടത്. കിവംദന്തികളും പേടിയും പ്രചരിപ്പിക്കാതിരിക്കുക,"​മഹേഷ് ഭട്ട് ട്വീറ്റ് ചെയ്തു. 

ഇവരെ കൂടാതെ ഹൃത്വിക് റോഷൻ, അനിൽ കപൂർ, സോനാക്ഷി സിൻഹ തുടങ്ങി നിരവധി താരങ്ങളും ലോക്ക് ഡൗണിന് പിന്തുണയുമായി രം​ഗത്തെത്തിയിട്ടുണ്ട്.