ദീപിക പദുക്കോണ്‍ നായികയായി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിലും ലഭിക്കുന്നത്. സിനിമ ഒരുങ്ങിയതെങ്ങനെയെന്ന് പറയുകയാണ് മേഘ്ന ഗുല്‍സാര്‍.

അതിക ചൊഹാനും ഞാനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയത്. ലക്ഷ്‍മി അഗര്‍വാളുമായി സംസാരിച്ച് അവരുടെ സമ്മതം വാങ്ങിയിരുന്നു. അവര്‍ സമയം അനുവദിച്ചത് അനുസരിച്ച് അവരെ പോയി കാണുകയും അവരുടെ കഥ കേള്‍ക്കുകയും ചെയ്‍തു. പിന്നീട് ഞങ്ങളുടെ സിനിമയുടെ കഥാ ഘടനയിലേക്കും ആഖ്യാനത്തിലേക്കും മാറ്റുകയുമായിരുന്നു. അവരുടെ വക്കീല്‍ അടക്കമുള്ള മറ്റ് വ്യക്തികളെയും നേരിട്ട് കണ്ടു. ഛപാക് സിനിമയാക്കാം എന്ന് വ്യക്തമായതിനു ശേഷമാണ് ദീപിക പദുക്കോണിലേക്ക് എത്തിയത്. കഥ പറഞ്ഞപ്പോള്‍ തന്നെ അവര്‍ സമ്മതിച്ചു. അത് അവിചാരിതവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. വളരെ പ്രസക്തമായ ഒരു കാര്യമായതുകൊണ്ടാകാം അവര്‍ സമ്മതിച്ചത് എന്ന് കരുതുന്നു.  ആദ്യം കണ്ടതിനു ശേഷം കുറച്ച് മാസം കഴിഞ്ഞാണ് ഞാൻ സിനിമയുടെ തിരക്കഥ അവരോട് വിവരിക്കുന്നത്- മേഘ്‍ന ഗുല്‍സാര്‍ പറയുന്നു.