രജനികാന്തിനോടും കമല്‍ഹാസനോടും രാഷ്‍ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആവശ്യപ്പെട്ട് തെലുങ്ക് താരം ചിരഞ്ജീവി. നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കില്‍ പോലും അവര്‍ക്ക് അതിന് കഴിയണമെന്നില്ല. സ്വന്തം അനുഭവം അതാണെന്നും ചിരഞ്ജീവി പറയുന്നു. തന്റെ പുതിയ ചിത്രമായ സെയ്‍ റാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിരഞ്ജീവി ഇക്കാര്യം പറയുന്നത്. രണ്ടുപേരും രാഷ്‍ട്രീയത്തില്‍ ചേരരുതെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ചിരഞ്ജീവി പറയുന്നു.

രണ്ടുപേരും രാഷ്‍ട്രീയത്തില്‍ പുതിയ ആള്‍ക്കാരാണ്.  അവര്‍ രാഷ്‍ട്രീയത്തില്‍ പ്രവേശിച്ചാല്‍ അത് ഗുണകരമാകണമെന്നില്ല. ഞാൻ രാഷ്‍ട്രീയത്തില്‍ എത്തുമ്പോള്‍ നമ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റാറായിരുന്നു. ഞാൻ അതൊക്കെ വേണ്ടെന്നുവച്ചു.  എന്റെ മണ്ഡലത്തില്‍ ഞാൻ പരാജയപ്പെട്ടു.  കാരണം എന്റെ എതിരാളികള്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു. പവൻ കല്യാണിനും അതുതന്നെയാണ് സംഭവിച്ചത്. കമല്‍ഹാസൻ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വിജയിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് വിജയിക്കാനായില്ല. രാഷ്‍ട്രീയം ചുണ്ടിനും കപ്പിനും ഇടയിലാണ്. രജനികാന്തും കമല്‍ഹാസനും എന്നെപ്പോലെ ആകണമെന്നില്ല. പക്ഷേ എനിക്ക് അവര്‍ക്ക് നല്‍കാനുള്ള ഉപദേശം രാഷ്‍ട്രീയത്തില്‍ ചേരരുത് എന്നാണ്.  പരാജയങ്ങളും തിരിച്ചടിയും കൈകാര്യം ചെയ്യാനാകുകുയം ജനങ്ങള്‍ വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹവുമുണ്ടെങ്കില്‍ രാഷ്‍ട്രീയത്തില്‍ ചേരാം. ഒരു ദിവസം കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാകണമെന്നുമില്ല- ചിരഞ്ജീവി പറയുന്നു.