ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്‍ട സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണ്‍ അഭിനയിക്കുന്ന രംഗമുളള ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. റിലീസ് മുൻകൂട്ടി നിശ്ചയിച്ചാണ് ചിത്രീകരണം. 2020 ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

റിലീസ് പ്രഖ്യാപിച്ച ടെനെറ്റിന്റെ ചിത്രീകരണം വേഗത്തില്‍ നടക്കുകയാണ്. മുംബൈയിലെ ചിത്രീകരണത്തിനായി  ക്രിസ്റ്റഫര്‍ നോളനും സംഘവും ഇന്ത്യയിലാണ്. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടാകുക. മൊത്തം ഏഴ് രാജ്യങ്ങളിലാണ് ടെനെറ്റ് ചിത്രീകരിക്കുന്നത്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.  ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.