'മലയാളം വാനോളം, ലാൽസലാം' എന്ന പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും  ഉദഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും, മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ശതാബ്ദിയോട് അടുത്ത മലയാളസിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നുവെന്നും ഉദഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

"ശതാബ്ദിയോട് അടുത്ത മലയാളസിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നു. നിത്യജീവിതത്തിൽ മോഹൻലാലായി പോവുക മലയാളിക്ക് ശീലം. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വം. ഇന്നത്തെ യുവനടന്മാർ ഒരു വർഷത്തിൽ ചെയ്യുന്നത് മൂന്നോ നാലോ സിനിമകളിൽ മാത്രം അഭിനയിക്കുന്നു, മോഹൻലാൽ 34 സിനിമയിൽ വരെ ഒരു വർഷം അഭിനയിച്ചിട്ടുണ്ട്" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News